കൊൽക്കത്ത: ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർ.ജി കാർ മെഡിക്കൽ കോളജിലെ ഡോക്ടർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മമത സർക്കാർ നൽകിവരുന്ന ഗ്രാന്റുകൾ ഒരുങ്ങി ബംഗാളിലെ ദുർഗ പൂജ കമ്മിറ്റികൾ.
കഴിഞ്ഞ മാസം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഈ വർഷത്തെ ആഘോഷങ്ങൾക്കായി പൂജാ കമ്മിറ്റികൾക്ക് 60,000 രൂപ മുതൽ 85,000 രൂപ വരെ സഹായവും മറ്റ് ആനുകൂല്യങ്ങളും നൽകിയിരുന്നു
ആർ.ജി കാർ സംഭവത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച്, തങ്ങളുടെ സംഘടനയിലെ അംഗങ്ങൾ ഈ വർഷത്തെ സർക്കാർ ഗ്രാൻ്റായ 85,000 രൂപ സ്വീകരിക്കുന്നില്ലെന്ന് തീരുമാനിച്ചതായി അപനാദർ ദുർഗ്ഗാപൂജ കമ്മിറ്റി സെക്രട്ടറി ജില്ലാ മജിസ്‌ട്രേറ്റിന് കത്തയച്ചു.
‘ആർ.ജി കാർ സംഭവത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഞങ്ങളുടെ സംഘടനയിലെ അംഗങ്ങൾ ഈ വർഷത്തേ സർക്കാർ ഗ്രാൻ്റായ 85,000 രൂപ സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു,’ കത്തിൽ പറയുന്നു.
മറ്റൊരു കമ്മിറ്റിയായ കോന്നഗർ മാസ്റ്റർപാര സർബോജനിൻ ദുർഗാപൂജ കമ്മിറ്റിയും ഈ വർഷം സർക്കാർ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കമ്മിറ്റി അംഗമായ സോമ ചക്രവർത്തി തീരുമാനത്തെക്കുറിച്ച് അംഗങ്ങളെ അറിയിക്കുകയും ചെയ്തു. ‘ആദ്യം സ്ത്രീകളെ ബഹുമാനിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ നമുക്ക് ആഘോഷങ്ങൾ നടത്താനും സന്തോഷം പ്രകടിപ്പിക്കാനും കഴിയു,’ അദ്ദേഹം പറഞ്ഞു.
ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ നിന്നുള്ള കൃഷ്ണപൂർ സന്യാസിതാല ദുർഗോത്സവ് കമ്മിറ്റിയും ഗ്രാൻ്റ് നിരസിക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് ഓഫീസർ ഇൻ-ചാർജിനെ അറിയിച്ചുകൊണ്ട് പ്രാദേശിക പൊലീസ് സ്റ്റേഷനിലേക്ക് കമ്മിറ്റി അംഗങ്ങൾ കത്തെഴുതിയിട്ടുണ്ട്. ഒരു സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഈ സമയത്ത് തങ്ങൾ എങ്ങനെ ആഘോഷിക്കുമെന്നും കമ്മിറ്റി സെക്രട്ടറി കൽപ്പന ഘോഷ് ചോദിച്ചു.
‘ഞങ്ങൾ തെരുവിൽ പ്രതിഷേധിക്കുന്നുണ്ട്. റാലികളിൽ ചേരുന്നുണ്ട്. പിന്നെ എങ്ങനെ മുഖ്യമന്ത്രിയിൽ നിന്ന് പണം വാങ്ങി ഈ പൂജ ആഘോഷിക്കും? ഇത് മനുഷ്യത്വരഹിതമാണ്,’ അവർ പറഞ്ഞു
സൗത്ത് 24 പർഗാനാസ് ഡിസ്ട്രിക്ടിലെ ജോയ്‌നഗർ, നോർത്ത് 24 പരഗാനയിലെ ബരാസത്ത്, കൊൽക്കത്തയിലെ ഹിലാൻഡ് പാർക്ക് എന്നിവിടങ്ങളിൽ നിന്ന് പൂജാ കമ്മിറ്റികൾ ഗ്രാൻ്റ് ബഹിഷ്‌കരിക്കാനുള്ള സമാനമായ ആഹ്വാനങ്ങൾ ഉയർന്നിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ 43,000 അംഗീകൃത പൂജാ കമ്മിറ്റികളുണ്ട്, അതിൽ 3,000 എണ്ണം കൊൽക്കത്തയിലാണ്. എല്ലാ വർഷവും, ദുർഗ്ഗാ ദേവിയെ ആരാധിക്കാൻ ഇന്ത്യയുടെ നാനാഭാഗത്ത് നിന്നുള്ള ജനങ്ങൾ ഇവിടെ എത്തിച്ചേരും.
Content Highlight: Bengal’s Durga Puja committees are refusing Mamata govt grants as act of solidarity with RG Kar victim