'ബംഗാളിലെ നേതാക്കള്‍ യു.പിയില്‍ അല്ലാഹു അക്ബര്‍ വിളിച്ച് പ്രചരണം നടത്തിയിട്ടുണ്ടോ'? എന്തിനാണ് ബംഗാളില്‍ മാത്രം 'ജയ് ശ്രീരാം' വിവാദമാക്കുന്നതെന്ന് മനോജ് തിവാരി
കൊല്‍ക്കത്ത: ബംഗാളില്‍ ഹിന്ദുക്കളെ മുസ്‌ലിങ്ങള്‍ക്കെതിരെ തിരിച്ച് വോട്ട് പിടിക്കാനാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ശ്രമമെന്ന് തൃണമൂല്‍ നേതാവ് മനോജ് തിവാരി. തെരഞ്ഞെടുപ്പ് പ്രചരണവേദികളില്‍ മതം ഒരു പ്രധാന ആയുധമായി ഉപയോഗിക്കുകയാണ് യോഗിയെന്നും അദ്ദേഹം പറഞ്ഞു.
‘ശ്രീരാമനെ വെറുക്കുന്നവരാണോ ബംഗാളിലുള്ളത്? ജയ് ശ്രീരാം വിളിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നതിലൂടെ രാഷ്ട്രീയനേട്ടമാണ് ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്നത്. മതത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് ജയിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബംഗാളില്‍ നിന്നുള്ള ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ യു.പിയില്‍ പോയി ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയിട്ടുണ്ടോ? പിന്നെന്തിനാണ് ബംഗാളില്‍ ജയ് ശ്രീരാം പ്രചരണവേദികളില്‍ ഉപയോഗിക്കുന്നത്,’ മനോജ് തിവാരി പറഞ്ഞു.
ബംഗാളില്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും ഐക്യത്തോടെയാണ് കഴിയുന്നതെന്നും അവരെ വേര്‍തിരിച്ച് എന്തെങ്കിലും കലാപമുണ്ടായാല്‍ അതിന് ആരാണ് ഉത്തരവാദിയെന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്നും തിവാരി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ബംഗാള്‍ സന്ദര്‍ശനം നടത്തിയിരുന്നു. മാള്‍ഡയില്‍ നടത്തിയ പ്രചരണറാലിക്കിടെ യോഗി നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തിവാരിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് റാലിക്കിടെ പശ്ചിമ ബംഗാളില്‍ ‘ലവ് ജിഹാദ്’ നടന്നുകൊണ്ടിരിക്കുകയാണെന്നും യോഗി ആരോപണം ഉന്നയിച്ചിരുന്നു. ‘ലവ് ജിഹാദ്’ തടയാനായി യു.പി സര്‍ക്കാര്‍ നിയമമുണ്ടാക്കിയിട്ടുണ്ടെന്നും എന്നാല്‍ പ്രീണന രാഷ്ട്രീയം നടപ്പാക്കുന്ന ബംഗാളില്‍ ഇതുവരെ അത്തരത്തില്‍ ഒരു നിയമം കൊണ്ടുവന്നിട്ടില്ലെന്നും യോഗി പറഞ്ഞിരുന്നു.
‘ലവ് ജിഹാദ് ഇവിടെ നടപ്പിലാക്കുന്നു. യു.പിയില്‍ ഞങ്ങള്‍ ഒരു നിയമം ഉണ്ടാക്കി. എന്നാല്‍ ഇവിടെ പ്രീണന രാഷ്ട്രീയം ഉണ്ട്. അതിനാല്‍ പശു കള്ളക്കടത്തും ലവ് ജിഹാദും തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല,’ എന്നായിരുന്നു യോഗിയുടെ പ്രസ്താവന.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക