| Wednesday, 17th March 2021, 9:18 am

യു.പി ബി.ജെ.പിയില്‍ കലാപക്കൊടി; പാര്‍ട്ടിക്കുള്ളില്‍ തമ്മില്‍ത്തല്ലെന്ന് അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ബി.ജെ.പിക്കകത്ത് കലഹം തുടങ്ങിക്കഴിഞ്ഞെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലഷ് യാദവ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസിലെ വിവിധ മുതിര്‍ന്ന ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ അറ്റന്റ് ചെയ്യുന്നില്ലെന്നും അഖിലേഷ് യാദവ് അവകാശപ്പെട്ടു.

പാര്‍ട്ടിയുടെ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായെന്നും അഖിലേഷ് യാദവ് പറഞ്ഞു.

അടുത്ത സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ വിജയത്തെക്കുറിച്ച് ബി.ജെ.പി നേതാക്കള്‍ അവകാശവാദം ഉന്നയിച്ചപ്പോള്‍, നിരവധി നേതാക്കളും പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴിലുള്ള ദുര്‍നടപ്പിനെതിരെ ശബ്ദമുയര്‍ത്തിയെന്നും അഖിലേഷ് യാദവ് പറഞ്ഞു.

”യാഥാര്‍ത്ഥ്യം മറച്ചുവെക്കാനും നുണകള്‍ പ്രചരിപ്പിക്കാനും ബിജെപി എല്ലാവിധ ശ്രമങ്ങളും നടത്തിയേക്കാം, എന്നാല്‍ പാര്‍ട്ടിയില്‍ വിയോജിപ്പിന്റെയും അസംതൃപ്തിയുടെയും ശബ്ദങ്ങള്‍ ഉയര്‍ന്നുവന്നതിനാല്‍ അത് വിജയിക്കുകയില്ല,” അഖിലേഷ് പറഞ്ഞു.

ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടിക്കകത്ത് ഉയര്‍ന്നുവന്ന പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ശ്രമം തുടരുന്നതിനിടെയാണ് യു.പി ബി.ജെ.പിയിലും പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടെന്ന തരത്തില്‍ വാര്‍ത്ത വരുന്നത്.

സ്ഥാനാര്‍ത്ഥിപട്ടികയില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം കൊല്‍ക്കത്തയിലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഓഫീസിന് മുന്നില്‍ പ്രതിഷേധ റാലി നടത്തിയിരുന്നു

മുന്‍ തൃണമൂല്‍ നേതാക്കളെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളാക്കിയതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ അപ്രതീക്ഷിതമായി കൊല്‍ക്കത്തയില്‍ എത്തിയ ദിവസം തന്നെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയതും.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഓഫീസിന് പുറത്തുനിന്നുള്ള നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. നൂറുകണക്കിന് ആളുകളാണ് ഇരച്ചെത്തിയത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഒരു വലിയ പൊലീസ് സംഘത്തെ നിയോഗിച്ചു. ജില്ലകളിലെ നിരവധി ബി.ജെ.പി ഓഫീസുകള്‍ കൊള്ളയടിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Conflict In UP BJP; SP chief Akhilesh Yadav claims ‘voices of dissent are surfacing’ within Uttar Pradesh BJP

We use cookies to give you the best possible experience. Learn more