പശ്ചിമബംഗാളില്‍ തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ ഇ.വി.എം എത്തിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍; സസ്‌പെന്‍ഷന്‍
India
പശ്ചിമബംഗാളില്‍ തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ ഇ.വി.എം എത്തിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍; സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th April 2021, 11:47 am

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ കൊണ്ടുവെച്ച സംഭവത്തില്‍ പോളിങ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ഉലുബീരിയയിലെ തൃണമൂല്‍ നേതാവിന്റെ വീട്ടിലാണ് ഇ.വി.എമ്മും വി.വി പാറ്റ് മെഷീനും കണ്ടെത്തിയത്. തന്റെ ബന്ധുകൂടിയായ തൃണമൂല്‍ നേതാവിന്റെ വീട്ടിലേക്ക് റിസര്‍വ് വരുന്ന ഇ.വി.എമ്മും കൊണ്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ എത്തുകയായിരുന്നു. ഒരു ദിവസം അവിടെ തങ്ങുകയും ചെയ്തു.

റിസര്‍വ്ഡ് ഇ.വി.എം ആണ് പിടിച്ചെടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഈ ഇ.വി.എം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ്ങിനായി ഉപയോഗിക്കില്ലെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

വോട്ടിങ് മെഷീന്‍ അനുമതിയില്ലാതെ കൊണ്ടുപോയ എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

എ.സി 177, സെക്ടര്‍ 17 ലെ പോളിങ് ഓഫീസറായ തപന്‍ സര്‍ക്കാറാണ് തന്റെ ബന്ധുവും തൃണമൂല്‍ നേതാവുമായ ഗൗതം ഘോഷിന്റെ വീട്ടിലേക്ക് ഇ.വി.എമ്മുമായി പോയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന്റെ ലംഘനമാണ് ഇത്. ഇയാള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

പ്രസ്തുത ഇ.വി.എമ്മും വി.വി.പാറ്റും സ്റ്റോക്കില്‍ നിന്ന് മാറ്റിയെന്നും ഇത് വോട്ടെടുപ്പില്‍ ഉപയോഗിക്കില്ലെന്നും ഇലക്ഷന്‍ബോഡി അറിയിച്ചു.

ഇവിടേക്കായി കൊണ്ടുവന്ന എല്ലാ ഇ.വി.എമ്മുകളേയും കണക്കുകള്‍ എടുത്തിട്ടുണ്ടെന്നും എല്ലാ ഇ.വി.എമ്മുകളും പ്രത്യേക മുറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും കമ്മീഷന്‍ അറിയിച്ചു.

നേരത്തെ അസമില്‍ രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചയുടനെ വോട്ടിങ് മെഷീന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോളിന്റെ കാറില്‍ കയറ്റിക്കൊണ്ടുപോയ സംഭവം വലിയ വിവാദമായിരുന്നു.

സംഭവത്തില്‍ നാല് പോളിംഗ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും പത്താര്‍കണ്ടി മണ്ഡലത്തിലെ രതബാരി പോളിംഗ് ബൂത്തില്‍ റീപോളിങ്ങിന് ഉത്തരവിടുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ