കൊല്‍ക്കത്ത: ബംഗാളിലെ നാദിയ ജില്ലയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണാതായി. റാണാഘട്ട് പാര്‍ലമെന്റ് സീറ്റിലെ ഇ.വി.എമ്മുകളുടെയും വി.വി.പാറ്റുകളുടെയും ചുമതലയുണ്ടായിരുന്ന അര്‍ണബ് റോയ് എന്ന ഉദ്യോഗസ്ഥനെയാണ് കാണാതായത്.
നാദിയയിലെ ശാന്തിപൂരിലാണ് അര്‍ണബിനെ അവസാനമായി കണ്ടത്. ഇയാളുടെ രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും മൊബൈല്‍ ട്രാക്ക് ചെയ്തുമാണ് അന്വേഷണം നടത്തുന്നത്.
ഉദ്യോഗസ്ഥനെ കാണാതായ വിവരം നാദിയ ജില്ലാ അധികൃതര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ കാണാതാവല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണെന്ന് കരുതുന്നില്ലെന്ന് ബംഗാള്‍ സ്‌പെഷ്യല്‍ ഇലക്ഷന്‍ ഒബ്‌സര്‍വര്‍ അജയ് നായക് പറഞ്ഞു. പകരം പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാദിയ ജില്ലയില്‍ രണ്ട് ലോക്‌സഭാ സീറ്റുകളാണുള്ളത്. റാണാഘട്ടും കൃഷ്ണ നഗറും. ഏപ്രില്‍ 29ന് നാലാം ഘട്ടത്തിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.