| Wednesday, 21st February 2024, 9:08 am

പൊലീസ് ഉദ്യോഗസ്ഥനെ ഖലിസ്താനിയെന്ന് വിളിച്ചു; സുവേന്ദു അധികാരിക്കെതിരെ ബംഗാള്‍ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പൊലീസ് ഉദ്യോഗസ്ഥനെ ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ഖലിസ്താനിയെന്ന് വിളിച്ച് അധിക്ഷേപിച്ചതായി ബംഗാള്‍ പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘ഉദ്യോഗസ്ഥന്‍മാരില്‍ ഒരാളെ ബി.ജെ.പിയുടെ പ്രതിപക്ഷ നേതാവ് ഖലിസ്താനിയെന്ന് വിളിച്ച് അധിക്ഷേപിച്ചു. അദ്ദേഹം അഭിമാനിയായ ഒരു സിഖുകാരനും നിയമം ശരിയായ വിധം നടപ്പിലാക്കാന്‍ കഴിവുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ്. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം വർ​ഗീയത നിറഞ്ഞതും ക്രിമിനല്‍ കുറ്റകൃത്യവുമാണ്’, പൊലീസ് എക്‌സില്‍ കുറിച്ചു.

സുവേന്ദു അധികാരിക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ബംഗാള്‍ പൊലീസ് അറിയിച്ചിട്ടുണ്ട്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സംഘര്‍ഷബാധിത പ്രദേശമായ സന്ദേശ്ഖാലി ദ്വീപ് സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുള്‍പ്പടെയുള്ള നേതാക്കളെ പൊലീസ് തടഞ്ഞതാണ് തര്‍ക്കത്തിന് കാരണമായത്.

ബി.ജെ.പി നേതാക്കളോട് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ രോഷാകുലനായി പ്രതികരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. താന്‍ തലപ്പാവ് ധരിച്ചതിനാണോ നിങ്ങളെന്നെ ഖലിസ്താനിയെന്ന് വിളിച്ചതെന്ന് അദ്ദേഹം നേതാക്കളോട് ചോദിക്കുന്നത് കാണാം. ‘ഞാന്‍ ഇതിനെതിരെ നടപടിയെടുക്കും. നിങ്ങളുടെ മതത്തെ കുറിച്ച് ഞാൻ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. അപ്പോള്‍ നിങ്ങള്‍ക്കും എന്റെ മതത്തെ കുറിച്ച് ഒരു പരാമര്‍ശവും നടത്താന്‍ സാധിക്കില്ല’, പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വിഡിയോ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയടക്കമുള്ളവര്‍ സംഭവത്തെ വിമര്‍ശിച്ച് രംഗത്തെത്തി. വിഭജന രാഷ്ട്രീയമാണ് ബി.ജെ.പി മുന്നോട്ട് വെക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി.

സിഖ് സംഘടനയായ എസ്.ജി.പി.സിയും (ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി) ബി.ജെ.പിക്കെതിരെ രംഗത്തെത്തി. ‘ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ത്യാഗങ്ങള്‍ സഹിച്ചത് സിഖുകാരാണെന്ന് ഇത്തരം ചിന്താഗതിയുള്ള നേതാക്കള്‍ ഒരിക്കലും മറക്കരുത്. ഇത്തരക്കാര്‍ ബോധപൂര്‍വം രാജ്യത്ത് വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. എന്നിട്ടും സര്‍ക്കാര്‍ ഇപ്പോഴും മൗനത്തിലാണ്’, എസ്.ജി.സി.പി മേധാവി ഹര്‍ജീന്ദര്‍ സിങ് ധാമി പറഞ്ഞു.

ബി.ജെ.പി രാജ്യത്ത് പടര്‍ത്തി കൊണ്ടിരിക്കുന്ന മതഭ്രാന്ത് നമ്മുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തെ വിഷലിപ്തമാക്കുന്നുവെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്.

അതേസമയം പൊലീസിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സംസ്ഥാന ബി.ജെ.പി നേതൃത്വം രംഗത്തെത്തി. പൊലീസുകാരനെ ആരും അധിക്ഷേപിച്ചിട്ടില്ലെന്നും അവര്‍ നിയമങ്ങള്‍ ലംഘിച്ച് ബി.ജെ.പി പ്രവര്‍ത്തകരെ മര്‍ദിക്കുകയാണ് ചെയ്തതെന്നും ബി.ജെ.പി അവകാശപ്പെട്ടു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെതിരായ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് സന്ദേശ്ഖാലി ദ്വീപില്‍ പ്രതിഷേധം കനക്കുന്നതിനിടെയായിരുന്നു സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സ്ഥലം സന്ദര്‍ശിക്കാന്‍ ഒരുങ്ങിയത്. പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് നേരത്തെ എല്ലാ ഒത്തു ചേരലുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ വിലക്കേര്‍പ്പെടുതതിയിരുന്നു.

Contant Highlight: Bengal Police shares video, says BJP’s Suvendu Adhikari called cop ‘Khalistani’

We use cookies to give you the best possible experience. Learn more