| Friday, 20th April 2018, 6:37 pm

തൃണമൂല്‍ ആക്രമണം: ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീയതി മാറിയേക്കും; നോമിനേഷന്‍ തീയതി നീട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണത്തെ തുടര്‍ന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവച്ച ബംഗാളില്‍ നോമിനേഷന്‍ നല്‍കാനുള്ള തിയ്യതി ഒരു ദിവസം കൂടി നീട്ടി കോടതി ഉത്തരവ്. നോമിനേഷന്‍ നല്‍കാനുള്ള അവസാന തിയ്യതിയും തെരഞ്ഞെടുപ്പ് ദിവസവും തമ്മില്‍ 21 ദിവസമെങ്കിലും വ്യത്യാസം വേണമെന്നതിനാല്‍ തെരഞ്ഞെടുപ്പ് തീയതി മാറാനും സാധ്യതയുണ്ട്. മെയ് 1, 3, 5 തിയ്യതികളിലാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്.

ഇതൊരു ചരിത്രപരമായ വിധിയാണെന്നാണ് ബി.ജെ.പി ബംഗാള്‍ ജനറല്‍ സെക്രട്ടറി പ്രതാപ് ബാനര്‍ജി പറഞ്ഞത്. “ഇതൊരു ചരിത്രവിധിയാണ്. ജനാധിപത്യ നടപടികളെ സംരക്ഷിക്കാന്‍ കോടതി നേരിട്ട് മുന്നോട്ട് വന്നിരിക്കുകയാണ്. നോമിനേഷന്‍ നല്‍കാന്‍ പൊലീസിന്റെ സഹായം ലഭിക്കാത്ത പാവങ്ങളുടെ വിജയമാണ് ഈ വിധി.” – പ്രതാപ് ബാനര്‍ജി പറഞ്ഞു.


Read | മാധ്യമപ്രവര്‍ത്തകരെ ബി.ജെ.പി നേതാവ് അധിക്ഷേപിച്ച സംഭവം: നടപടിയാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി


വിധിയെ സ്വാഗതം ചെയ്യുന്നെന്നും എന്നാല്‍ ഇത് അക്രമങ്ങളുടെ അന്തമല്ലെന്നുമാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. “പുതിയ തിയ്യതി നിശ്ചയിച്ചാല്‍ അക്രമത്തിന്റെ പുതിയ പതിപ്പുമായി ഭരണകക്ഷി വരും” കോണ്‍ഗ്രസ് പ്രസിഡന്റ് അധിര്‍ ചൗധരി പറഞ്ഞു.

ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടികളും ഏപ്രില്‍ 16 വരെ നിര്‍ത്തിവെക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ് 12ന് ഉത്തരവിട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ അക്രമം അഴിച്ചുവിടുന്നെന്ന് ആരോപിച്ചുള്ള ബി.ജെ.പി ബംഗാള്‍ നേതൃത്വത്തിന്റെ ഹര്‍ജിയിലായിരുന്നു കോടതി വിധി.

മറ്റുപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ നോമിനേഷന്‍ നല്‍കാതിരിക്കാന്‍ തൃണമൂല്‍ വ്യാപകമായി അക്രമവും കൈയേറ്റവും നടത്തുവെന്നാണ് ബി.ജെ.പി ആരോപിച്ചത്.


Read | തീയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കേണ്ട കാര്യമില്ല; ഇത് സിനിമയുടെ ആസ്വാദനത്തിന് തടസ്സമാണെന്ന് കേന്ദ്ര സമിതി റിപ്പോര്‍ട്ട്


ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ തോതിലുളള അക്രമപ്രവര്‍ത്തനങ്ങളാണ് നടത്തിവന്നിരുന്നത്. പ്രമുഖ സി.പി.ഐ.എം നേതാവും മുന്‍ എം.എല്‍.എയുമായ ബസുദേവ് ആചാര്യയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത് കഴിഞ്ഞ ആഴ്ചയാണ്. കാശിപൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പ്രവര്‍ത്തകര്‍ക്കൊപ്പം പോകവേയാണ് അദ്ദേഹത്തെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ടു ചെയ്തിരുന്നു. പത്രിക സമര്‍പ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി നേരത്തെ ബി.ജെ.പിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് ബി.ജെ.പി കോടതിയില്‍ ഹര്‍ജി നല്‍കിയത്. പരാതി നല്‍കാനായി ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലെത്തിയ ബി.ജെ.പി നേതാക്കളും.ആക്രമിക്കപ്പെട്ടിരുന്നു.

ചിത്രം: തൃണമൂല്‍ ആക്രമണത്തിനെതിരെ സി.പി.ഐ.എം ഏപ്രില്‍ 13ന് സിലിഗുരിയില്‍ നടത്തിയ പ്രതിഷേധ പ്രകടനം. (എ.എഫ്.പി).

Latest Stories

We use cookies to give you the best possible experience. Learn more