| Friday, 27th September 2019, 12:06 pm

പൗരത്വ ബില്‍ നടപ്പാക്കുമെന്ന ആശങ്കയില്‍ ബംഗാള്‍; രേഖകള്‍ തയാറാക്കാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വന്‍ തിരക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ദേശീയ പൗരത്വ പട്ടിക (എന്‍.ആര്‍.സി)യുടെ പരിഭ്രാന്തിയില്‍ പശ്ചിമബംഗാളിലെ ജനങ്ങള്‍. രേഖകള്‍ ശരിയാക്കാനും പുതുക്കാനും വിവരങ്ങള്‍ ചേര്‍ക്കാനുമായി ആയിരങ്ങളാണ് ജില്ലയിലെ ഓഫീസുകളില്‍ എത്തുന്നത്. രാവിലെ മുതല്‍ വൈകീട്ടു വരെ വരി നിന്നിട്ടും നിരാശരായി മടങ്ങുന്നവരുടെ എണ്ണവും കുറവല്ല.

ഡിജിറ്റല്‍ റേഷന്‍ കാര്‍ഡും വോട്ടര്‍ പട്ടിക പരിശോധനയും കഴിഞ്ഞയാഴ്ചയാണ് ബംഗാളില്‍ ആരംഭിച്ചത്. രേഖകള്‍ പുതുക്കാന്‍ ആവശ്യപ്പെട്ടത് എന്‍.ആര്‍.സി പ്രക്രിയയുടെ ഭാഗമാണെന്ന് ഗ്രാമീണര്‍ കരുതുന്നത്. എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട് നിലവില്‍ സംസ്ഥാനത്ത് 11 ആത്മഹത്യകള്‍ നടന്നിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കുന്നത്.

എന്നാല്‍ ബംഗാളില്‍ എന്‍.ആര്‍.സി നടപ്പാക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന കുച്ച് ബീഹാര്‍, ജല്‍ പൈഗുരി, മാള്‍ഡ, മുര്‍ഷിദാബാദ്, നാദിയ എന്നിവിടങ്ങളിലെ ആളുകളാണ് തിരക്കിട്ട് രേഖകള്‍ തയ്യാറാക്കുന്നത്. മുസ്ലീങ്ങള്‍ കൂടുതലായുള്ള പ്രദേശമാണിത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാര്‍ രേഖകളില്‍ എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ സംസ്ഥാനത്തു നിന്നും പുറത്തു പോവേണ്ടി വരുമെന്ന ചിന്തയിലാണ് ഭൂരിപക്ഷം ജനങ്ങളും. മുര്‍ഷിദാബാദിലാണ് താരതമ്യേന കൂടുതല്‍ മുസ്ലീങ്ങളുള്ള പ്രദേശം.

സംസ്ഥാനത്ത് ദേശീയ പൗരത്വ പട്ടിക നടപ്പാക്കേണ്ടതില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ എന്‍.ആര്‍.സി നടപ്പിലാക്കുകയാണെങ്കില്‍ ഒരു ഹിന്ദു പോലും രാജ്യം വിട്ടു പുറത്തുപോവേണ്ടി വരില്ലെന്നും എല്ലാ ഹിന്ദുക്കള്‍ക്കും പൗരത്വം ലഭിക്കുമെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബംഗാളില്‍ എന്‍.ആര്‍.സി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളില്‍ ബി.ജെ.പി തൃണമൂല്‍ കോണ്‍ഗ്രസ് പോര് തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യവും നിലവിലുണ്ട്. ഇരു പാര്‍ട്ടികളും ദേശീയ പൗരത്വപട്ടികയെ ചൊല്ലി പരസ്പരവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതോടെയാണ് കൊല്‍ക്കത്തയിലെയും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേയും മുനിസിപ്പല്‍ ഓഫീസുകളില്‍ ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ജനങ്ങള്‍ പിടിവലി നടത്തുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more