കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ ബി.ജെ.പി വിരുദ്ധ റാലിയ്ക്ക് പിന്നാലെ ശക്തിപ്രകടനം നടത്താന്‍ ഇടതുമുന്നണിയും.
സി.പി.ഐ.എം നേതൃത്വത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനാധിപത്യ വിരുദ്ധ-കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ഫെബ്രുവരി 3 നാണ് റാലി സംഘടിപ്പിക്കുന്നത്.
പീപ്പിള്‍സ് ബ്രിഗേഡ് മാര്‍ച്ച് എന്നാണ് റാലിയ്ക്ക് പേരിട്ടിരിക്കുന്നത്. മാര്‍ച്ചിന് മുന്നോടിയായി ഗ്രാമങ്ങളില്‍ പ്രചരണജാഥകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുക, മിനിമം കൂലി 18000 രൂപയാക്കുക, സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, വിദ്യാഭ്യാസ രംഗത്തെ കാവിവത്ക്കരണം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് റാലി.
നേരത്തെ മമതയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ നിന്ന് സി.പി.ഐ.എം നേതൃത്വത്തിലുള്ള ഇടതുമുന്നണിയും ബി.ജെ.ഡിയും വിട്ടുനിന്നിരുന്നു.
ബി.ജെ.പിയ്‌ക്കെതിരെ മമതാ ബാനര്‍ജി സംഘടിപ്പിക്കുന്ന യുണൈറ്റഡ് ഇന്ത്യ റാലിയില്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുള്‍പ്പെടെ 20ലേറെ ദേശീയ നേതാക്കളാണ് പങ്കെടുത്തത്.