കൊല്‍ക്കത്ത: വരാനിരിക്കുന്ന ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ബംഗാള്‍ ജനത ഗുഡ്‌ബൈ പറയുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. മമതയുടെ ഈഗോ കാരണമാണ് കര്‍ഷകര്‍ക്കായുള്ള കേന്ദ്രത്തിന്റെ പല പദ്ധതികളും ബംഗാളില്‍ നടപ്പാക്കാന്‍ കഴിയാതെ പോയതെന്നും നദ്ദ ആരോപിച്ചു.
ബംഗാളിനായി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ യോജന കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത് നടപ്പാക്കാന്‍ മമത തയ്യാറായില്ല. കേന്ദ്രത്തോടുള്ള ഈഗോയാണ് കാരണം. അതുവഴി ബംഗാളിലെ ലക്ഷക്കണക്കിന് കര്‍ഷകരാണ് ദുരിതത്തിലായത്, നദ്ദ പറഞ്ഞു.
മാള്‍ഡ ജില്ലയിലെ സഹാപൂരില്‍ വെച്ച് നടന്ന റാലിക്കിടെയായിരുന്നു തൃണമൂലിനും മമതയ്ക്കുമെതിരെ നദ്ദ ആഞ്ഞടിച്ചത്.
ബംഗാളില്‍ എവിടെ തിരിഞ്ഞാലും അമ്മായിയുടെയും(മമത ബാനര്‍ജി) മരുമകന്റെയും(അഭിഷേക് ബാനര്‍ജി) കൈകെട്ടി നില്‍ക്കുന്ന ചിത്രങ്ങള്‍ മാത്രമെയുള്ളു. പ്രിയപ്പെട്ട മമത ദീദി നിങ്ങളോട് സലാം പറയാന്‍ ബംഗാളിലെ ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്, നദ്ദ പറഞ്ഞു.
ബംഗാളിലെ ജനങ്ങള്‍ മോദിയെ അനുഗ്രഹിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് താമര വിരിയിക്കുമെന്നും കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുമെന്നും നദ്ദ പറഞ്ഞു.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ ശക്തമായ പ്രകടനമാണ് ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ ബംഗാളില്‍ 200 സീറ്റുകളാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ചില നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയത് മമതയ്ക്ക് തലവേദനായിട്ടുണ്ട്. മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയായിരുന്ന സുവേന്തു അധികാരി ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് തൃണമൂലിനു കനത്ത തിരിച്ചടിയായിരുന്നു.
എന്നാല്‍ തൃണമൂലില്‍ നിന്ന് പുറത്തുപോകേണ്ടവര്‍ക്കൊക്കെ എപ്പോള്‍ വേണമെങ്കിലും പോകാമെന്നും ഇത് തങ്ങളെ ബാധിക്കുകയില്ലെന്നുമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് മമത പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക