കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ബി.ജെ.പിയുമായി ചര്‍ച്ച നടത്തുന്നു, തൂക്കുമന്ത്രിസഭയെങ്കില്‍ മറുകണ്ടം ചാടും; ബംഗാള്‍ കോണ്‍ഗ്രസിനെതിരെ ഇടത് മഹാസഖ്യത്തിലെ കക്ഷി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടത്-കോണ്‍ഗ്രസ്-ഐ.എസ്.എഫ് സഖ്യത്തില്‍ വിള്ളല്‍. കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവ് തൃണമൂല്‍-ബി.ജെ.പി നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തുന്നുവെന്ന ആരോപണവുമായി ഐ.എസ്.എഫ് നേതാവ് അബ്ബാസ് സിദ്ദീഖി രംഗത്തെത്തി.
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇവയിലേതെങ്കിലും പാര്‍ട്ടിയിലേക്ക് ഇദ്ദേഹം കൂറുമാറിയേക്കുമെന്നും സിദ്ദീഖി ആരോപിച്ചു. സീറ്റ് വിഭജന ചര്‍ച്ചകളില്‍ ഉടന്‍ അന്തിമ തീരുമാനമെടുക്കണമെന്നും സിദ്ദീഖി ആവശ്യപ്പെട്ടു.
‘എന്റെ വാക്കുകള്‍ ആധിര്‍ രഞ്ജന്‍ ചൗധരിയെ (കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷന്‍) വേദനിപ്പിക്കുന്നുവെങ്കില്‍ ക്ഷമിക്കണം. പക്ഷെ എനിക്ക് ലഭിച്ച വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞാനിത് പറയുന്നത്. തൂക്കുമന്ത്രിസഭയാണെങ്കില്‍ ബി.ജെ.പിയിലേക്കോ തൃണമൂലിലേക്കോ ഈ കോണ്‍ഗ്രസ് നേതാവ് പോകും’, സിദ്ദീഖി പറഞ്ഞു.
ആരോപണം വിശദീകരിക്കേണ്ടത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. സഖ്യം വേണമോ വേണ്ടയോ എന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സിദ്ദീഖിയുടെ ആരോപണം തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രദിപ് ഭട്ടാചാര്യ രംഗത്തെത്തി. ആളെ അറിയാമെങ്കില്‍ സിദ്ദീഖി വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐ.എസ്.എഫ് നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് കോണ്‍ഗ്രസും ഇടത് നേതാക്കളും അറിയിച്ചിട്ടുണ്ട്. ഇടത് മഹാസഖ്യത്തില്‍ 30 സീറ്റാണ് ഐ.എസ്.എഫിന് നല്‍കിയത്.
ഇടത് സ്ഥാനാര്‍ത്ഥികള്‍ക്കായി കഠിനാധ്വാനം ചെയ്യണമെന്ന് സിദ്ദീഖി ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി സിദ്ദീഖി വോട്ട് ചോദിച്ചിട്ടില്ല.
ഞായറാഴ്ച ഇടതുമുന്നണി സംഘടിപ്പിച്ച പീപ്പിള്‍സ് ബ്രിഗേഡില്‍ ഐ.എസ്.എഫും പങ്കെടുത്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക