കൊല്‍ക്കത്ത: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത (ഡി.എ) 10 ശതമാനമായി വര്‍ധിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തെ ജീവനക്കാര്‍ക്ക് നിലവില്‍ ആറ് ശതമാനം ഡി.എ ലഭിക്കുന്നുണ്ട്. 2024 ജനുവരി 1 മുതല്‍ ക്ഷാമബത്ത നാല് ശതമാനം കൂട്ടി 10 ആക്കി ഇരട്ടിപ്പിച്ച് പദ്ധതി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം പുതിയ നീക്കം പ്രാബല്യത്തില്‍ വരുമ്പോഴും സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കേന്ദ്ര സര്‍ക്കാരിലെ സഹപ്രവര്‍ത്തകര്‍ക്കും ലഭിക്കുന്ന ഡി.എ നിരക്കിലെ അന്തരം 36 ശതമാനമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 46 ശതമാനം ഡി.എ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സര്‍ക്കാരിന്റെ ഈ നീക്കം കണ്ണില്‍ പൊടിയിടാനുള്ളതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഡി.എക്ക് തുല്യമായി സംസ്ഥാന സര്‍ക്കാര്‍ ക്ഷാമബത്തയും കുടിശ്ശികയും നല്‍കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി സമരം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സംയുക്ത ഫോറം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും നല്‍കുന്ന ഡി.എകള്‍ തമ്മില്‍ 36 ശതമാനത്തിന്റെ അന്തരമുള്ളതിനാല്‍ ഈ തുച്ഛമായ വര്‍ധനവ് ഭിക്ഷയ്ക്ക് തുല്യമാണെന്നും സംയുക്ത ഫോറം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായ ഡി.എ എന്നത് തങ്ങളുടെ നിയമപരമായ അവകാശമാണെന്നും ആയതിനാല്‍ ഈ വിഷയത്തില്‍ തങ്ങളുടെ നീക്കം തുടരുമെന്നും ജോയിന്റ് ഫോറം കണ്‍വീനര്‍ ഭാസ്‌കര്‍ ഘോഷ് അറിയിച്ചു.
പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരിയും നാല് ശതമാനം ഡി.എ വര്‍ധനവിനെ പരിഹസിച്ചു.
Content Highlight: Bengal Govt to increase DA to 10% for government employees