കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എവിടെയും സരസ്വതി പൂജ ആഘോഷങ്ങൾ നടത്തുന്നത് തടയാൻ ‘ജിഹാദി സേന’ നടത്തുന്ന ഏതൊരു ശ്രമത്തെയും സംസ്ഥാന സർക്കാർ പരാജയപ്പെടുത്തണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം.
സംസ്ഥാനത്ത് സ്കൂളുകളിലും കോളേജുകളിലും പൂജ നടത്തുന്നതിനെ എതിർത്ത വിദ്യാർത്ഥി സംഘടനകൾ മുന്നോട്ടെത്തിയിരുന്നു. ഇതേക്കുറിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ച് ആർ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിഷ്ണു ബസു മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
അയൽരാജ്യമായ ബംഗ്ലാദേശിനെപ്പോലെ ജിഹാദി സംഘടനകൾ സരസ്വതി ദേവതയുടെ പൂജ തടയാൻ ഗൂഢാലോചന നടത്തുകയാണ്. ഇത് സംസ്ഥാന സർക്കാർ ഉചിതമായ രീതിയിൽ ചെറുക്കണം എന്നാണ് ജിഷ്ണു ബസുവിന്റെ വാദം.
‘ബംഗാളിന്റെ സംസ്കാരവും പൈതൃകവും ആക്രമണത്തിന് വിധേയമാകുന്നില്ലെന്നും ഹിന്ദുക്കളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ കടമ. ബംഗാളിലെ പൂജാ ആഘോഷങ്ങൾ തടയാൻ പ്രവർത്തിക്കുന്ന ഘടകങ്ങളെ നിരീക്ഷിക്കണമെന്നും അവരുടെ ബന്ധം തിരിച്ചറിയണമെന്നും, ഹിന്ദുക്കളുടെ ആരാധനാ അവകാശം ആർക്കും തടയാൻ കഴിയാത്തവിധം സംസ്ഥാനം ഈ വിഷയം ദൃഢമായി പരിഗണിക്കണം,’ ബസു പറഞ്ഞു.
രാഷ്ട്രീയത്തിൽ തങ്ങൾക്ക് ഒരു സർക്കാരുമായും പോരാട്ടമില്ലെന്നും ബസു കൂട്ടിച്ചേർത്തു. ‘ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ ഞങ്ങൾക്ക് ശക്തമായ ഒരു സംഘടനാ ശൃംഖലയുണ്ട്. പശ്ചിമ ബംഗാളിൽ ഞങ്ങൾക്ക് വലിയ സാന്നിധ്യമുണ്ട്, സംസ്ഥാനം ഭരിക്കുന്നത് തൃണമൂൽ കോൺഗ്രസ് സർക്കാരാണ്. ഒരു പാർട്ടിയും ഞങ്ങളുടെ ശത്രുക്കളല്ല,’ ബസു പറഞ്ഞു.
നാദിയ ജില്ലയിലെ ഹരിംഘട്ടയിലെ ഒരു പ്രൈമറി സ്കൂളിലും കൊൽക്കത്തയിലെ ഒരു ലോ കോളേജിലും ബിർഭുമിലെ ഒരു പ്രൈമറി ഒരു സ്കൂളിലും സരസ്വതി പൂജ നടത്താൻ ആർ.എസ്.എസ് ശ്രമിച്ചിരുന്നു. അതിനെതിരെ വിദ്യാർത്ഥി സംഘടനകൾ എത്തുകയും ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ പരാമർശവുമായി ആർ.എസ്.എസ് എത്തിയത്.
Content Highlight: Bengal govt must foil any bid by ‘jihadi elements’ to stop Saraswati Puja anywhere in state: RSS