| Monday, 19th September 2022, 5:22 pm

ജയിച്ചത് നീയാവും പക്ഷേ ഫോട്ടോ എന്റേത് വരണം; ഛേത്രിയെ തള്ളി മാറ്റി ഫോട്ടോക്ക് പോസ് ചെയ്ത് ബംഗാള്‍ ഗവര്‍ണര്‍; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഞായറാഴ്ച കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഡ്യുറന്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബെംഗളൂരു എഫ്.സി ജേതാക്കളായി. സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള ടീം 2-1നാണ് മുംബൈ സിറ്റി എഫ്.സിയെ കീഴ്പ്പെടുത്തിയത്.

ഡ്യുറന്‍ഡ് കപ്പ് സമ്മാനദാന ചടങ്ങിനിടെ സുനില്‍ ഛേത്രിയെ ബംഗാള്‍ ഗവര്‍ണര്‍ അപമാനിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ട്രോഫി നല്‍കിയ ശേഷം ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ ഛേത്രിയെ ഗവര്‍ണര്‍ ലാ ഗണേശന്‍ കൈകൊണ്ട് തള്ളുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.

സമ്മാനം ഏറ്റു വാങ്ങുന്നതിനിടെ ഛേത്രിയെ ഗവര്‍ണര്‍ കൈകൊണ്ട് തള്ളി മാറ്റുന്നത് വീഡിയോയില്‍ കാണാം. ഫോട്ടോ എടുക്കുമ്പോള്‍ അതില്‍ താനും കൂടി പെടണ്ടേ എന്ന ഭാവത്തിലാണ് ഗവര്‍ണര്‍ താരത്തെ പിടിച്ചു മാറ്റുന്നതെന്നാണ് വിമര്‍ശനമുയരുന്നത്. ഛേത്രി പുഞ്ചിരിച്ചു നിലനിര്‍ത്തി കൊണ്ട് തന്നെ ഗവര്‍ണര്‍ക്ക് സ്ഥലമൊരുക്കി കൊടുക്കുന്നതും വീഡിയോയിലുണ്ട്.

ബംഗാള്‍ ഗവര്‍ണറുടെ പ്രവത്തിക്കെതിരെ ശക്തമായ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. താരത്തെ അപമാനിക്കുകയാണ് ഗവര്‍ണര്‍ ചെയ്തതെന്നും, ഛേത്രിയെ പോലുള്ള ഒരു താരത്തിന്റെ മൂല്യമറിയാതെ പെരുമാറുകയാണ് അദ്ദേഹം ചെയ്തതെന്നും ആളുകള്‍ കുറ്റപ്പെടുത്തി.

അതേസമയം ബെംഗളൂരു താരം ശിവശക്തി നാരായണനെയും സമ്മാനദാന ചടങ്ങിനിടെ അതിഥികള്‍ തള്ളി മാറ്റുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. സത്യത്തില്‍ ആരാണ് ജേതാക്കളെന്നും കേവലമൊരു ഫോട്ടോയില്‍ ഇടം പിടിക്കാന്‍ ഇങ്ങനെ വില കുറഞ്ഞ് പ്രവര്‍ത്തിക്കണോ എന്നും ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നു.

2013-ല്‍ രൂപവത്കരിക്കപ്പെട്ട ബെംഗളൂരു ടീം ചുരുങ്ങിയ സമയത്തിനകം ഐ.എസ്.എല്‍, ഐ ലീഗ്, ഫെഡറേഷന്‍ കപ്പ് തുടങ്ങി ഒട്ടേറെ നേട്ടമുണ്ടാക്കിയെങ്കിലും ഡ്യുറന്‍ഡില്‍ ആദ്യമായാണ് ജേതാക്കളാകുന്നത്. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ സുനില്‍ ഛേത്രിയുടെ ആദ്യ ഡ്യുറന്‍ഡ് കിരീടമാണിത്.

യുവതാരം ശിവശക്തിയെ ആദ്യ ഇലവനില്‍ ഇറക്കിയ ബെംഗളൂരുവിന്റെ തന്ത്രം 11-ാം മിനിറ്റില്‍ തന്നെ ഫലം കാണുകയായിരുന്നു. ശിവശക്തിക്ക് പുറമേ ബെംഗളൂരു എഫ്.സിയുടെ അലന്‍ കോസ്റ്റയും മത്സരത്തില്‍ ഗോളുകള്‍ നേടിയപ്പോള്‍, അപ്പൂയ ആണ് മുംബൈക്കായി വല കുലുക്കിയത്.

Content Highlight: Bengal Governor pushed Sunil Chhetri to pose for a photo

We use cookies to give you the best possible experience. Learn more