കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്ത് ഗവർണർ സി.വി. ആനന്ദ ബോസ്. സംസ്ഥാന സെക്രട്ടറിയേറ്റിൽ നടന്ന അഡ്മിനിസ്‌ട്രേറ്റീവ് യോഗത്തിൽ സംസാരിക്കവെ രാജ്ഭവൻ സന്ദർശിക്കാൻ സ്ത്രീകൾക്ക് ഭയമാണെന്ന് അവർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മമത ബാനർജി പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഗവർണർ കൊൽക്കത്ത ഹൈക്കോടതിയിൽ മമതക്കെതിരെ മാനനഷ്‍ട കേസ് ഫയൽ ചെയ്തത്.
സമാനമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസിലെ മറ്റു നേതാക്കൾക്കെതിരെയും ഗവർണർ പരാതി കൊടുത്തിട്ടുണ്ട്.
മെയ് രണ്ടിന് രാജ് ഭവനിലെ കരാർ ജീവനക്കാരിയെ ആനന്ദ ബോസ് പീഡിപ്പിച്ചതായി ആരോപിച്ച് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സംഭവത്തെ തുടർന്നുണ്ടായ നടപടികളെ ഉദ്ധരിച്ചു കൊണ്ടായിരുന്നു മമതയുടെ പരാമർശം.
എന്നാൽ ആരോപണങ്ങൾ തുടക്കത്തിലെ നിഷേധിച്ച ഗവർണർ, പരാതി വസ്തുതാവിരുദ്ധമാണെന്നും ഇതൊന്നും തന്നെ തളർത്തുകയില്ലെന്നും അഴിമതിക്കെതിരെയുള്ള തന്റെ പോരാട്ടം തുടരുമെന്നുമായിരുന്നു പറഞ്ഞത്.
പാർട്ടി നേതാക്കളുമായി കൂടുതൽ ചർച്ച നടത്താതെ വിഷയത്തിൽ പ്രതികരിക്കാനാകില്ലെന്ന് ടി.എം.സി രാജ്യസഭാ എം.പി ഡോല സെൻ പറഞ്ഞു. മമതയ്ക്കെതിരെ കേസ് ഫയൽ ചെയ്തതിൽ, എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് തനിക്ക് അറിയണമെന്നും അതിനു നേതാക്കളുമായി സംസാരിക്കേണ്ടതുണ്ടെന്നും ഇത് വളരെ സെൻസിറ്റീവ് ആയ വിഷയമാണെന്നുമാണ് സെൻ പറഞ്ഞത്.
അതേസമയം ബോസ് ശരിയായ തീരുമാനമാണ് എടുത്തതെന്ന് മുതിർന്ന ബിജെപി നേതാവ് രാഹുൽ സിൻഹ പറഞ്ഞു. ‘ഗവർണർ ബോസ് ശരിയായ തീരുമാനമാണ് എടുത്തതെന്ന് ഞാൻ കരുതുന്നു. അദ്ദേഹം ഈ തീരുമാനം വളരെ മുമ്പേ എടുക്കേണ്ടതായിരുന്നു. ഇതിന് ഞാൻ അദ്ദേഹത്തെ പൂർണമായി പിന്തുണയ്ക്കുന്നു,’ സിൻഹ പറഞ്ഞു.