| Saturday, 6th March 2021, 7:25 pm

മമതക്ക് എതിരാളിയെ പ്രഖ്യാപിച്ച് ബി.ജെ.പി; ബംഗാളിലെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബംഗാള്‍ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട സ്ഥാനാാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്ക് എതിരെ മത്സരിക്കുന്നത് തൃണമൂലില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന് മുന്‍ മന്ത്രി സുവേന്തു അധികാരിയാണ്. മമത ബാനര്‍ജിയുടെ പ്രധാന സഹായികളിലൊരാളായി കണക്കാക്കിയിരുന്നു സുവേന്തു അധികാരി അടുത്ത കാലത്താണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സുവേന്തുവിനെ നന്ദിഗ്രാമില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

294 അംഗങ്ങളുള്ള നിയമസഭയിലേക്കുള്ള 57 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബി.ജെ.പി പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉന്നതതല കൂടിക്കാഴ്ചക്ക് ശേഷം ന്യൂദല്‍ഹിയില്‍ വെച്ചായിരുന്നു പ്രഖ്യാപനം.

സിറ്റിംഗ് സീറ്റായ ഭബാനിപൂരിലല്ല, സുവേന്തു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമില്‍ നിന്നുമാണ് താന്‍ മത്സരിക്കുകയെന്ന് മമത കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 50 വനിതകളും 42 മുസ്‌ലിങ്ങളും ഉള്‍പ്പെടുന്നതാണ് തൃണമൂലിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. 294 സീറ്റുകളില്‍ ഉത്തര ബംഗാളിലെ മൂന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ സഖ്യകക്ഷിയായ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയായിരിക്കും മത്സരിക്കുക.

തൃണമൂലും ബി.ജെ.പിയും ഒരുപോലെ ഉറ്റുനോക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇരു പാര്‍ട്ടികള്‍ക്കും ജീവന്‍ മരണപ്പോരാട്ടമായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇതില്‍ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടമായിരിക്കും നന്ദിഗ്രാമിലേതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 1 വരെയാണ് ബംഗാളില്‍ വോട്ടിംഗ് നടക്കുന്നത്. മെയ് രണ്ടിനാണ് ഫലം പ്രഖ്യാപിക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Bengal Election updates BJP candidate list out, Suvendhu Adhikari against Mamata Banerjee

We use cookies to give you the best possible experience. Learn more