കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തൃണമൂല്‍ കോണ്‍ഗ്രസ് പോര് മുറുകുന്നതിനിടെ ശ്രദ്ധയാകര്‍ഷിച്ച് ദെബ്‌റ മണ്ഡലം. മിഡ്‌നാപൂര്‍ ജില്ലയിലെ ദെബ്‌റയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥരാണ് ഇരുപാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളായെത്തുന്നത്.
മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഹൂമയൂണ്‍ കബീറാണ് ദെബ്‌റയില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. കഴിഞ്ഞ മാസമാണ് ചന്ദന്‍നഗര്‍ പൊലീസ് കമ്മീഷണര്‍ പദവി രാജിവെച്ച് ഹൂമയൂണ്‍ കബീര്‍ തൃണമൂലില്‍ ചേര്‍ന്നത്.
ഗോലി മാരോ സാലോം കോ (വെടിവെച്ച് കൊല്ലുക) എന്ന മുദ്രാവാക്യം മുഴക്കിയ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഹൂമയൂണിന്റെ രാജി. തൃണമൂലില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന സുവേന്തു അധികാരി നയിച്ച ജാഥയില്‍ വെച്ചായിരുന്നു സംഭവം. അറസ്റ്റും തുടര്‍ന്നുണ്ടായ സംഭവങ്ങളും വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു.
ദെബ്‌റയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭാരതി ഘോഷും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയാണ്. ജര്‍ഗ്രാം ജില്ലയിലെ കമ്മീഷണറായിരുന്ന ഭാരതി ഘോഷ് നേരത്തെ മമത ബാനര്‍ജിയുടെ വിശ്വസ്തയായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്. പൊതുചടങ്ങുകളില്‍ വെച്ച് മാ(അമ്മ) എന്നായിരുന്നു മമത ബാനര്‍ജിയെ ഇവര്‍ അഭിസംബോധന ചെയ്തിരുന്നത്.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്താണ് ഭാരതി ഘോഷ് ജോലിയില്‍ നിന്നും വൊളന്ററി റിട്ടയര്‍മെന്റ് എടുത്ത് ബി.ജെ.പിയില്‍ ചേര്‍ന്നത്.
ബംഗാള്‍ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട സ്ഥാനാാര്‍ത്ഥി പട്ടിക വൈകീട്ടോടെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്ക് എതിരെ മത്സരിക്കുന്നത് തൃണമൂലില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന് മുന്‍ മന്ത്രി സുവേന്തു അധികാരിയാണ്. മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന സുവേന്തു അധികാരി അടുത്ത കാലത്താണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സുവേന്തുവിനെ നന്ദിഗ്രാമില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
സിറ്റിംഗ് സീറ്റായ ഭബാനിപൂരിലല്ല, സുവേന്തു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമില്‍ നിന്നുമാണ് താന്‍ മത്സരിക്കുകയെന്ന് മമത കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 50 വനിതകളും 42 മുസ്ലിങ്ങളും ഉള്‍പ്പെടുന്നതാണ് തൃണമൂലിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. 294 സീറ്റുകളില്‍ ഉത്തര ബംഗാളിലെ മൂന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ സഖ്യകക്ഷിയായ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയായിരിക്കും മത്സരിക്കുക.
തൃണമൂലും ബി.ജെ.പിയും ഒരുപോലെ ഉറ്റുനോക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇരു പാര്‍ട്ടികള്‍ക്കും ജീവന്‍ മരണപ്പോരാട്ടമായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇതില്‍ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടമായിരിക്കും നന്ദിഗ്രാമിലേതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 1 വരെയാണ് ബംഗാളില്‍ വോട്ടിംഗ് നടക്കുന്നത്. മെയ് രണ്ടിനാണ് ഫലം പ്രഖ്യാപിക്കുക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക