ബംഗാള്‍: സി.പി.ഐ.എം മുന്‍ സംസ്ഥാന സെക്രട്ടറി അനില്‍ ബിശ്വാസിന്റെ മകള്‍ അജന്ത ബിശ്വാസിനെ പാര്‍ട്ടി ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി മമത ബാനര്‍ജിയെ കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് മുഖപത്രമായ ജാഗോ ബംഗ്ലായില്‍ ലേഖനം എഴുതിയതിനാണ് സസ്പെന്‍ഷന്‍.
പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നയാളാണ് മമതയെന്ന് അജന്ത തന്റെ ലേഖനത്തില്‍ പറയുന്നുണ്ട്. 2011ല്‍ ഇടത് ഭരണം അവസാനിപ്പിക്കുന്നതിന് പിന്നിലെ പ്രധാന ഘടകമായ സിംഗൂറിലെ കര്‍ഷക ഭൂമി കൈയേറാന്‍ ശ്രമിച്ച ടാറ്റാ കാര്‍ പ്ലാന്റിനെതിരെ മമത നടത്തിയ പോരാട്ടങ്ങളും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതാണ് അജന്തക്കെതിരെ നടപടി എടുക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബംഗാള്‍ രാഷ്ട്രീയത്തിലെ സ്ത്രീ ശാക്തികരണത്തെ പറ്റിയും ലേഖനത്തിലുണ്ട്. എഡിറ്റോറിയല്‍ പേജിലാണ് ലേഖനം പ്രസിദ്ധിക്കരിച്ചത്. ജൂലൈയില്‍ പ്രസിദ്ധികരിച്ച പരമ്പരയുടെ തുടര്‍ച്ചയായാണ് പുതിയ ലേഖനം അജന്ത എഴുതിയത്. നേരത്തെ ബസന്തി ദേവി, സരോജിനി നായ്ഡു,സുനിതി ദേവി എന്നിവരെ പറ്റിയും പരമ്പരയില്‍ അജന്ത എഴുതിയിരുന്നു.
ലേഖനത്തിന് പിന്നാലെ ആഗസ്റ്റ് ആദ്യ ആഴ്ചയില്‍ സി.പി.ഐ.എം ഏരിയ കമ്മിറ്റി അജന്തയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചെങ്കിലും മറുപടിയില്‍ തൃപ്തരല്ലാത്തതിനെ തുടര്‍ന്നാണ് 6 മാസത്തേക്ക് അജന്തയെ സസ്പെന്‍ഡ് ചെയ്തത്. സി.പി.ഐ.എം കൊല്‍ക്കത്ത ജില്ലാ കമ്മിറ്റി തിരുമാനം സ്ഥിരീകരിക്കുകയും ചെയ്തു.
കൊല്‍ക്കത്ത രബിന്ദ്ര ഭാരതി സര്‍വകലാശാലയിലെ ചരിത്ര അധ്യാപികയാണ് അജന്ത ബിശ്വാസ്. 2006ല്‍ പിതാവിന്റെ മരണശേഷം അജന്ത സജീവരാഷ്്ട്രിയത്തില്‍ ഉണ്ടായിരുന്നില്ല.