| Wednesday, 3rd May 2017, 3:36 pm

അമിത് ഷായ്ക്ക് വിരുന്നൊരുക്കിയ ആദിവാസി കുടുംബം തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായി; തട്ടി കൊണ്ടു പോയതെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് വിരുന്നൊരുക്കി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍, വിരുന്നൊരുക്കിയ ആദിവാസി ദമ്പതികള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറി.

കഴിഞ്ഞ ആഴ്ച്ചയായിരുന്നു ആദിവാസി ദമ്പതികളായ രാജുവും ഗീത മഹാലിയും അമിത് ഷായ്ക്ക് തങ്ങളുടെ വീട്ടില്‍ സ്വീകരണം നല്‍കിയത്. ഇവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന അമിത് ഷായുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറാലിയിരുന്നു. എന്നാല്‍ ബി.ജെ.പി പ്രവര്‍ത്തകരെ അമ്പരപ്പിച്ചു കൊണ്ട് രാജുവും ഗീതയും ഇന്ന് രാവിലെ നക്‌സല്‍ബാരിയിലെ ഓഫീസിലെത്തി തൃണമൂല്‍ അംഗത്വം സ്വീകരിക്കുകയായിരുന്നു.

അതേസമയം, തങ്ങളുടെ പ്രവര്‍ത്തകരെ തട്ടി കൊണ്ടു പോയി പാര്‍ട്ടിയില്‍ ചേര്‍ക്കുകയായിരുന്നുവെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.” അവരെ ചൊവ്വാഴ്ച്ച തട്ടി കൊണ്ടു പോവുകയായിരുന്നു. ഇന്നവരെ നിര്‍ബന്ധിച്ച് പാര്‍ട്ടി അംഗങ്ങളുമാക്കി.” അമിത് ഷായ്ക്ക് അരികിലിരുന്ന് ആദിവാസി കുടുംബത്തിന്റെ ആതിഥ്യം സ്വീകരിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഗോഷ് പറയുന്നു.

” ചൊവ്വാഴ്ച്ച മുതല്‍ അവരെ കാണുന്നില്ലായിരുന്നു. ഫോണുകളും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പരാതി നല്‍കാന്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ നക്‌സല്‍ബാരി സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് പരാതി സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല.” ഡാര്‍ജിലിംഗിലെ ബി.ജെ.പി അധ്യക്ഷന്‍ പര്‍വീന്‍ അഗര്‍വാള്‍ പറയുന്നു.

” ദമ്പതികള്‍ എസ്.ടി വിഭാഗത്തില്‍ പെടുന്നവരാണ്. സംസ്ഥാനത്തിന്റെ സമ്പൂര്‍ണ വികസനം ലക്ഷ്യം വച്ചു കൊണ്ടുള്ള പാര്‍ട്ടിയുടെ പദ്ധതികളുടെ ഭാഗമാകും അവര്‍.” തൃണമൂല്‍ നേതാവ് ഗൗതം ദേബ് പറയുന്നു. അമിത് ഷാ കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചതിനു സമാനമായി അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് തൃണമൂല്‍ നേതാക്കള്‍ രാജുവിന്റേയും ഗീതയുടേയും വീട്ടില്‍ നിന്നുമടങ്ങിയത്.


Also Read: ‘നാം രണ്ട്, നമുക്ക് എട്ട്’; ഇന്ത്യന്‍ സംസ്‌കാരത്തെ സംരക്ഷിക്കാന്‍ എട്ടു മക്കള്‍ക്ക് ജന്മം നല്‍കണമെന്ന് ഹിന്ദു ദമ്പതികളോട് മത പുരോഹിതന്റെ ആഹ്വാനം, വീഡിയോ


സംസ്ഥാനത്ത് രൂക്ഷമായി കൊണ്ടിരിക്കുന്ന ബി.ജെ.പി-തൃണമൂല്‍ സ്പര്‍ദ്ധയുടെ ഭാഗമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ദമ്പതികളുടെ പാര്‍ട്ടി മാറ്റത്തെയും നോക്കി കാണുന്നത്. തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ബി.ജെ.പി നേതൃത്വത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുമെതിരെ നിരവധി തവണ പരസ്യമായി രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more