ന്യൂദല്‍ഹി: സി.പി.ഐ.എമ്മുമായി സഖ്യം വേണ്ടെന്ന് ബംഗാളിലെ കോണ്‍ഗ്രസ് തീരുമാനം. സി.പി.ഐ.എമ്മുമായി സഖ്യം രൂപീകരിച്ചാല്‍ പാര്‍ട്ടി പിളരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പ് നല്‍കി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നേതാക്കള്‍ സി.പി.ഐ.എമ്മുമായി സഖ്യം വേണ്ടെന്ന് അറിയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരണമെന്ന അഭിപ്രായവും യോഗത്തില്‍ നേതാക്കള്‍ പങ്കുവെച്ചു.
Read: പള്ളിയിലെ പ്രാര്‍ത്ഥന പ്രധാനമെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇസ്‌ലാം തകരുമെന്ന് സുപ്രീം കോടതി
തെരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് ബംഗാള്‍ കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാനാണ് രാഹുല്‍ ഗാന്ധി നേതാക്കളുടെ യോഗം വിളിച്ചത്. എം.പിമാരുമായും എം.എല്‍.എമാരുമായും ഒറ്റയ്ക്കൊറ്റയ്ക്ക് രാഹുല്‍ ഗാന്ധി സംസാരിച്ചു.
സി.പി.ഐ.എമ്മുമായി സഖ്യം വേണ്ടെന്ന നിലപാടാണ് ഭൂരിഭാഗവും വ്യക്തമാക്കിയത്. ചര്‍ച്ചയ്ക്കെത്തിയ 40 പേരില്‍ 90 ശതമാനവും തൃണമൂലുമായി സഖ്യം ചേരണമെന്ന് ആവശ്യപ്പെട്ടു.
ഇടത് സഖ്യം രൂപീകരിച്ചാല്‍ പാര്‍ട്ടി പിളരുമെന്ന ശക്തമായ മുന്നറിയിപ്പും നേതാക്കള്‍ നല്‍കി. കൂടാതെ സി.പി.ഐ.എമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അതിര്‍രഞ്ജന്‍ ചൗധരിയെ പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Read; നാല് കളികളിലായി 360 മിനിറ്റ്; നെയ്മര്‍ വീണുകിടന്നത് 14 മിനിറ്റ്!
സുജാപൂര്‍ എം.പിയുള്‍പ്പടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ സഖ്യത്തെ കുറിച്ച് തൃണമൂല്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയതായി അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.