| Saturday, 27th July 2019, 7:48 pm

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണോ?;പശ്ചിമബംഗാള്‍ കോണ്‍ഗ്രസില്‍ ഭിന്നിപ്പ്: ഭൂരിപക്ഷത്തെ പിന്തുണച്ച് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ കോണ്‍ഗ്രസില്‍ ഭിന്നിപ്പ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലേക്ക് മാറ്റണമെന്നുള്ള മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ തീരുമാനത്തെ പിന്തുണക്കണോ എന്ന വിഷയത്തെ ചൊല്ലിയാണ് പാര്‍ട്ടിക്കകത്ത് ഭിന്നിപ്പ് ഉണ്ടായത്.

എം.എല്‍.എമാരടക്കം സംസ്ഥാനത്തെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ന്യൂനപക്ഷത്തിന്റെ അഭിപ്രായം സംസ്ഥാനത്ത് ബി.ജെ.പിയെ ഉന്നം വെച്ചുള്ള വിഷയത്തില്‍ പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്നാണ്.

ദേശീയ തലത്തില്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ ഇ.വി.എമ്മിന്റെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ ഉന്നയിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് പശ്ചിമബംഗാളില്‍ ഇ.വി.എം വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നിപ്പ് ഉണ്ടാവുന്നത്.

‘സംസ്ഥാനത്ത് നല്ല രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത് മുതല്‍ ഇവിടെ ഇതുവരെയും സുഗമമായ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. നല്ല രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അവര്‍ ആഹ്വാനം ചെയ്തിട്ടില്ല. ഇപ്പോള്‍ പഞ്ചായത്ത തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുകയാണെങ്കില്‍ എല്ലാ തെരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസ് ഇത് തന്നെ നടപ്പിലാക്കും’ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമന്‍ മിത്ര പറഞ്ഞു. അതേ സമയം ഇ.വി.എമ്മിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം സംസ്ഥാന സര്‍ക്കാര്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കട്ടെ എന്നിട്ടാവാം ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ എന്താണ് നടന്നതെന്ന് സംസ്ഥാനം ഒരിക്കലും മറക്കില്ലെന്ന് കോണ്‍ഗ്രസ് എം.പി അധിര്‍രഞ്ജന്‍ ചൗധരി ഓര്‍മ്മിപ്പിച്ചു. വ്യാപകമായ അക്രമങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും സാക്ഷ്യം വഹിച്ച 2018 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ചാണ് ചൗധരി പരാമര്‍ശിച്ചത്.

കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടിനെ പിന്തുണക്കുകയാണ് സി.പി.ഐ (എം) ചെയ്തത്. ബാലറ്റുകള്‍ തിരിച്ചുവരുന്നത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായ രീതിയില്‍ നടക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.ബാലറ്റുകള്‍ തിരിച്ചെത്തുന്നത് വരും ദിവസങ്ങളില്‍ വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നു മാത്രമല്ല തൃണമൂല്‍ കോണ്‍ഗ്രസിനെ അത് സഹായിക്കൂ. ,” സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രബര്‍ത്തി പറഞ്ഞു.

We use cookies to give you the best possible experience. Learn more