'ഞങ്ങള്‍ സി.പി.ഐ.എമ്മിനൊപ്പം തന്നെ'; സോണിയക്ക് പോലും ഇഷ്ടമായ, ആ തൃണമൂല്‍ കോണ്‍ഗ്രസ് വാഗ്ദാനം തള്ളി ബംഗാള്‍ കോണ്‍ഗ്രസ്
national news
'ഞങ്ങള്‍ സി.പി.ഐ.എമ്മിനൊപ്പം തന്നെ'; സോണിയക്ക് പോലും ഇഷ്ടമായ, ആ തൃണമൂല്‍ കോണ്‍ഗ്രസ് വാഗ്ദാനം തള്ളി ബംഗാള്‍ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th March 2020, 4:21 pm

കൊല്‍ക്കത്ത: സി.പി.ഐ.എമ്മുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യം തകര്‍ക്കാന്‍ മമത ബാനര്‍ജിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും അവസാന ഘട്ട ശ്രമത്തെ തള്ളി ബംഗാള്‍ കോണ്‍ഗ്രസ്. മുന്‍ ലോക്‌സഭ സ്പീക്കര്‍ മീരാകുമാറിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുകയാണെങ്കില്‍ പിന്തുണക്കാം എന്ന തൃണമൂല്‍ കോണ്‍ഗ്രസ് വാഗ്ദാനത്തെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് തള്ളിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാര്‍ച്ച് 12നായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. അതിന് ഒരു ദിവസം മുമ്പാണ് മീരാകുമാറിന്റെ പേര് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് ഈ വാഗ്ദാനം ഇഷ്ടപ്പെട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെ നിരന്തരം വിമര്‍ശിക്കുന്ന, ബംഗാളില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവായ അധിര്‍ രഞ്ജന്‍ ചൗധരി പോലും ഈ വാഗ്ദാനം സ്വീകരിക്കാവുന്നതാണെന്ന് അഭിപ്രായപ്പെട്ടു.

എന്നാല്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയെ തന്നെയെ പിന്തുണക്കൂ എന്ന ഉറച്ച നിലപാടാണ് ബംഗാള്‍ കോണ്‍ഗ്രസ് എടുത്തത്. ഇതോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കം നടപ്പിലാക്കാനാവാതെ പോയത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ പരാതി നല്‍കുന്നതിന് മുമ്പില്‍ നിന്ന നേതാവാണ് മുന്‍ കൊല്‍ക്കത്ത മേയര്‍ കൂടിയായ ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ. അത് കൊണ്ട് തന്നെ ബികാഷിനെ വിജയിപ്പിക്കാതിരിക്കുക എന്ന താല്‍പര്യവും തൃണമൂല്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും ചേര്‍ന്നാല്‍ ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ വിജയിക്കേണ്ടതാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ