| Sunday, 18th June 2023, 1:00 pm

ബംഗാള്‍ സംഘര്‍ഷം; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഗവര്‍ണര്‍ക്ക് റോളില്ല; അക്രമങ്ങള്‍ നിരീക്ഷിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍: സൗഗത റോയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ക്രമസമാധാനം സര്‍ക്കാരിന്റെ കീഴിലാണെന്നും ഗവര്‍ണരുടെ ജോലിയല്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ സൗഗത റോയ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ഗവര്‍ണര്‍ക്ക് ഒരു റോളുമില്ലെന്നും അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു.

‘ക്രമസമാധാനം സര്‍ക്കാരിന്റെ കീഴിലാണ്. ഇത് ഗവര്‍ണരുടെ ജോലിയല്ല. തെരഞ്ഞെടുപ്പിലെ അക്രമങ്ങള്‍ നിരീക്ഷിക്കേണ്ടത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലിയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നെ ഗവര്‍ണര്‍ക്ക് ഒരു റോളുമില്ല,’ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗാത റോയ് പറഞ്ഞു.

മമത സര്‍ക്കാരും തൃണമൂല്‍ നേതാക്കളും ഈ സംഘര്‍ഷത്തിന് ഉത്തരവാദിയെന്ന തരത്തിലാണ് ഗവര്‍ണര്‍ ആനന്ദബോസ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നത്. ഇതിനെതിരെയാണ് ഇപ്പോള്‍ തൃണമൂല്‍ നേതാവ് രംഗത്ത് വന്നിരിക്കുന്നത്.

ജൂലൈ എട്ടിനാണ് ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ വിവിധയിടങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ ആറ് പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മാല്‍ഡ ജില്ലയിലെ തൃണമൂല്‍ സ്ഥാനാര്‍ഥി മുസ്തഫ ഷെയ്ഖ് മര്‍ദനമേറ്റു മരിച്ചിരുന്നു.

കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ തൃണമൂല്‍ പ്രവര്‍ത്തകരാണു കൊലയ്ക്കു പിന്നിലെന്നാണ് മന്ത്രി സബിന യാസ്മിന്‍ ആരോപിച്ചത്. തൃണമൂലിലെ ഗ്രൂപ്പുവഴക്കാണു കൊലയില്‍ കലാശിച്ചതെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.

സി.പി.ഐ.എം, ഇന്ത്യന്‍സെക്യുലര്‍ ഫോഴ്‌സ് എന്നീ പാര്‍ട്ടിയിലെ പ്രവര്‍ത്തകരും ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.ഐ.എം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളാണ് സംഘര്‍ഷത്തിന് ഉത്തരവാദികളെന്ന് മമതയും ആരോപിച്ചു.

75000 ത്തില്‍ പരം സീറ്റുകളിലേക്കാണ് ജൂലൈയില്‍ മത്സരം നടക്കുന്നത്. കോണ്‍ഗ്രസും സി.പി.ഐ.എമ്മും സഖ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

CONTENT HIGHLIGHTS: Bengal Conflict; If the election is announced, the governor has no role; Election Commission to monitor violence: Saugata Roy

We use cookies to give you the best possible experience. Learn more