'ഇനി ഞാന്‍ നിങ്ങളുടെ കാലില്‍ വീണ് യാചിക്കണോ? പറ്റില്ലെങ്കില്‍ പണി നിര്‍ത്തി പോണം'; മോദിയോട് മമത
national news
'ഇനി ഞാന്‍ നിങ്ങളുടെ കാലില്‍ വീണ് യാചിക്കണോ? പറ്റില്ലെങ്കില്‍ പണി നിര്‍ത്തി പോണം'; മോദിയോട് മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th November 2022, 7:30 pm

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ബംഗാളിന് ലഭിക്കേണ്ട ചരക്ക് സേവന നികുതി (ജി.എസ്.ടി) കുടിശ്ശിക, വിവിധ കേന്ദ്ര പദ്ധതികള്‍ക്ക് കീഴിലുള്ള ഫണ്ടുകള്‍ എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ തടഞ്ഞുവെക്കുകയാണെന്നാണ് മമത ബാനര്‍ജി ആരോപിച്ചത്.

ഝാര്‍ഗ്രാമില്‍ (Jhargram) ഒരു ആദിവാസി സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.

”100 ദിവസത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് നിര്‍ബന്ധമായും തരണം. എന്നിരുന്നാലും ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോയി കണ്ടു. ഇനി ഞാന്‍ നിങ്ങളുടെ കാലില്‍ വീണ് യാചിക്കണോ?,” മമത ബാനര്‍ജി പറഞ്ഞു.

ബി.ജെ.പി ഭരണത്തിന് കീഴില്‍ ഇന്ത്യയില്‍ ജനാധിപത്യം നഷ്ടപ്പെട്ടുവെന്നും ബംഗാള്‍ മുഖ്യമന്ത്രി തുറന്നടിച്ചു. ”നമ്മള്‍ ഒരു ജനാധിപത്യ രാജ്യത്തിലാണോ ജീവിക്കുന്നത്? അതോ ഇന്ത്യ ഒരു ‘ഏകകക്ഷി’ രാജ്യമായി മാറിയോ?” എന്നും ബി.ജെ.പിയെ വിമര്‍ശിച്ചുകൊണ്ട് മമത ചോദിച്ചു.

”ഞങ്ങള്‍ക്ക് ഞങ്ങളുടെ കുടിശ്ശിക തരൂ, ഇത് ഞങ്ങളുടെ പണമാണ്. അല്ലെങ്കില്‍, ജി.എസ്.ടി തന്നെ എടുത്ത് ഒഴിവാക്കൂ.

100 ദിവസത്തെ തൊഴിലുറപ്പ് പദ്ധതിയുടെ കുടിശ്ശിക നിങ്ങള്‍ (കേന്ദ്ര സര്‍ക്കാര്‍) ഞങ്ങള്‍ക്ക് തന്നേ മതിയാകൂ. അത് പറ്റില്ലെങ്കില്‍ നിങ്ങളുടെ പ്രധാനമന്ത്രി കസേര ഉപേക്ഷിച്ച് പോകൂ,” ബംഗാള്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബംഗാളിലേക്കുള്ള ഫണ്ട് നിര്‍ത്തലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അങ്ങനെയെങ്കില്‍ തങ്ങള്‍ക്ക് ജി.എസ്.ടിയും നിര്‍ത്താലാക്കാമെന്നും മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി.

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയ സുവേന്ദു അധികാരിക്കുള്ള മറുപടിയായാണ് മമത ഇക്കാര്യം പറഞ്ഞത്. അഴിമതി പോലുള്ള കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട്, വിവിധ പദ്ധതികളിന്മേല്‍ കേന്ദ്രം ബംഗാളിന് നല്‍കിവരുന്ന ഫണ്ടുകള്‍ നിര്‍ത്തലാക്കുമെന്നായിരുന്നു (Suvendu Adhikari) സുവേന്ദു അധികാരി നേരത്തെ പറഞ്ഞത്.

”ബംഗാളിനെ അപമാനിക്കുന്നത് തുടര്‍ന്നാല്‍, ഒരു ദിവസം ഇത്തരം രാഷ്ട്രീയക്കാരെല്ലാം സംപൂജ്യരായി മാറും. ഈ പദ്ധതികളെല്ലാം നടപ്പിലാക്കുന്ന കാര്യത്തിലേക്ക് വരുമ്പോള്‍ അക്കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബംഗാള്‍. അത് 100 ദിവസത്തെ തൊഴിലുറപ്പ് പദ്ധതിയായാലും ഗ്രാമീണ സഡക് യോജനയായാലും (Grameen Sadak Yojana) ബംഗ്ലാ ആവാസ് യോജനയായാലും (Bangla Awas Yojana),” സുവേന്ദു അധികാരിക്ക് മറുപടിയെന്നോണം മമത പറഞ്ഞു.

അവകാശവാദങ്ങള്‍ നിഷേധിക്കപ്പെടുകയും കുടിശ്ശികകള്‍ തടഞ്ഞുവെക്കുകയും ചെയ്താല്‍ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്നും ധര്‍ണ ഇരിക്കണമെന്നും ഝാര്‍ഗ്രാമില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ മമത ആദിവാസികളോട് ആഹ്വാനം ചെയ്തു.

”നിങ്ങള്‍ക്ക് ഇവിടെ നിന്ന് നികുതി പിരിക്കാനും അതേസമയം ഞങ്ങളുടെ നിയമാനുസൃത കുടിശ്ശിക തടഞ്ഞുവെക്കാനും കഴിയില്ല. ബംഗാളിലെ ജനങ്ങള്‍ക്ക് അവര്‍ക്ക് അവകാശപ്പെട്ടത് നിങ്ങള്‍ (കേന്ദ്ര സര്‍ക്കാര്‍) നിഷേധിക്കുകയാണ്,” ബംഗാള്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: Bengal CM Mamata Banerjee criticise PM Modi and central gov over GST, asks Modi to  leave his chair