പശ്ചിമബംഗാള്‍: കൊവിഡിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ ആളുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നും മമത പറഞ്ഞു.
അടുത്ത മാസം ഗംഗാ സാഗര്‍ മേള നടക്കുന്ന ബംഗാളിലെ സാഗര്‍ ദ്വീപില്‍ മാധ്യമപ്രവര്‍ത്തകരെ കാണവേയായിരുന്നു മമത ഇക്കാര്യം സൂചിപ്പിച്ചത്. തീവണ്ടിയിലും ബസിലുമുള്ള യാത്രക്കാര്‍ സ്ഥിരം സന്ദര്‍ശിക്കുന്ന സ്ഥലമായതിനാല്‍ കൊല്‍ക്കൊത്തയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുകയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
‘യു.കെയില്‍ നിന്നും വരുന്ന യാത്രക്കാരിലാണ് ഒമിക്രോണ്‍ ബാധ കൂടുതലായി കണ്ടുവരുന്നത്. ഒമിക്രോണ്‍ വാഹകര്‍ രാജ്യത്തെത്തുന്നത് അന്താരാഷ്ട്ര വിമാനങ്ങളിലൂടെയാണ് എന്നതാണ് പ്രധാന വസ്തുത. ഒമിക്രോണ്‍ കേസുകള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമോ എന്ന കാര്യം കേന്ദ്രം തീരുമാനിക്കണം,’ മമത പറയുന്നു.
ബംഗാളിലെ നിലവിലുള്ള സാഹചര്യം ഗൗരവമായാണ് സര്‍ക്കാര്‍ കണക്കിലെടുക്കുന്നതെന്നും, എന്നാല്‍ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കൂടി കണക്കിലെടുത്താവും നിയന്ത്രണങ്ങള്‍ കൊണ്ടുവരികയെന്നും മമത വ്യക്തമാക്കി.
‘ജനങ്ങളുടെ ആരോഗ്യത്തിലും സുരക്ഷയ്ക്കും തന്നെയാണ് മുന്‍ഗണന നല്‍കുന്നത്. എത്രയും പെട്ടന്ന് തന്നെ ഇത് സംബന്ധിച്ച അന്തിമതീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളും. കൂടുതല്‍ കേസുകളുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
എന്നാല്‍ എല്ലായിടത്തും ഒരുപോലെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കില്ല. കാരണം രണ്ട് വര്‍ഷത്തെ പോലെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിച്ചേക്കാം,’ മമത പറയുന്നു.
ബംഗാളില്‍ കൊവിഡ് വ്യാപന ഭീതി തുടരുകയാണ്. കഴിഞ്ഞ് ദിവസം 1,089 പേര്‍ക്കാണ് രോഗബാധയേറ്റത്, അതില്‍ 540 പേരും കൊല്‍ക്കൊത്തയില്‍ നിന്നുമുള്ളവരാണ്.
രാജ്യത്ത് കൊവിഡ്, ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്നതിന് പിന്നാലെ കേന്ദ്രം ദല്‍ഹിയിലടക്കം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.
961 ഒമിക്രോണ്‍ കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. ദല്‍ഹിയാലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 263 ഒമിക്രോണ്‍ കേസുകളാണ് ദല്‍ഹിയില്‍ സ്ഥിരീകരിച്ചത്. 252 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയാണ് രണ്ടാമത്. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കേരളം.
കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നതിനിടയിലാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നത്. 2864 പേര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഒമിക്രോണ്‍ വ്യാപന സാധ്യത മുന്‍നിര്‍ത്തി സര്‍ക്കാര്‍ രാത്രി നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു.
സുനാമി പോലെ ഒമിക്രോണ്‍ വ്യാപകമായി പടരുമെന്നാണ് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്. പല രാജ്യങ്ങളിലേയും ആരോഗ്യ മേഖലകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇതിനു സാധിക്കുമെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം പറഞ്ഞു.
ഡെല്‍റ്റ വൈറസിന്റെയും ഒമിക്രോണിന്റെയും വകഭേദങ്ങള്‍ കൂടിച്ചേരുമ്പോള്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നും ഒരുപാട് ആളുകളെ മരണത്തിലേക്ക് നയിക്കാന്‍ ഇതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.