| Thursday, 30th July 2020, 11:54 am

ബംഗാളില്‍ വീണ്ടും ബി.ജെ.പി പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍; തൃണമൂലില്‍ ചേരാത്തതിന് പിന്നാലെയുള്ള കൊലപാതകമെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ സമാന രീതിയില്‍ ഒരു മരണം കൂടി. ഈസ്റ്റ് മിഡ്‌നാപൂരിലാണ് സംഭവം. പൂര്‍ണചന്ദ്ര ദാസ് എന്ന ബി.ജെ.പി പ്രവര്‍ത്തകനെയാണ് ബുധനാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.

വീടിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബി.ജെ.പി ലോക്കല്‍ കമ്മറ്റി അംഗമാണ് പൂര്‍ണചന്ദ്ര ദാസ്.

ദാസിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബി.ജെ.പി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്നും വീട്ടുകാര്‍ പറഞ്ഞു.

‘പക്ഷ, അദ്ദേഹം അതിന് തയ്യാറായില്ല. തൃണമൂല്‍ കോണ്‍ഗ്രസ് ലോക്കല്‍ കമ്മറ്റി അദ്ദേഹത്തെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നു. അന്ന് വൈകീട്ടാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്’, കുടുംബത്തിലെ ഒരംഗം പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്നാണ് ബി.ജെ.പിയും ആരോപിക്കുന്നത്. ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു പൂര്‍ണചന്ദ്ര ദാസ്.

‘മേഖലയിലെ ഞങ്ങളുടെ ബൂത്തിന്റെ ഉത്തരവാദിത്തമായിരുന്നു അദ്ദേഹത്തിന്. തൃണമൂലിന്റെ ഗുണ്ടകള്‍ അദ്ദേഹത്തെ കൊന്ന് കെട്ടിത്തൂക്കിയതാണ്. കുടുംബത്തെ തൃണമൂല്‍ വേട്ടയാടുകയാണ്. രാവിലെ അദ്ദേഹത്തെ അവര്‍ വീട്ടില്‍നിന്നും വിളിച്ചിറക്കികൊണ്ടുപോയി. വൈകീട്ട് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തി. ഇത് സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തണം’, ബി.ജെ.പി നേതാവ് അനബപ് ചക്രബര്‍ത്തി പറഞ്ഞു.

എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിക്കുന്നത്. കുടുംബ വൈരാഗ്യത്തിന്റെ ഭാഗമായാണ് ദാസിന്റെ മരണമെന്നാണ് ഇവര്‍ പറയുന്നത്.

ഈ മാസം ആദ്യം വടക്കന്‍ ദിനാജ്പൂര്‍ ജില്ലയിലെ ഹെംതാബാദില്‍ ബി.ജെ.പി എം.എല്‍.എ ദേബേന്ദ്ര നാഥ് റോയിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തൂങ്ങിമരിച്ച നിലയിലായിരുന്നു അദ്ദേഹത്തിന്റെയും മൃതദേഹം.

ഇതും രാഷ്ട്രീയ കൊലപാതമാണ് എന്നായിരുന്നു ബി.ജെ.പി വാദിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മൃതദേഹത്തില്‍നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more