ബംഗാളില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകനെന്ന പേരില്‍ പ്രചരിക്കുന്നത് ഇന്ത്യാ ടുഡെ മാധ്യമപ്രവര്‍ത്തകന്റെ ചിത്രം; തെളിവ് നിരത്തി ഇന്ത്യാ ടുഡെ
national news
ബംഗാളില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകനെന്ന പേരില്‍ പ്രചരിക്കുന്നത് ഇന്ത്യാ ടുഡെ മാധ്യമപ്രവര്‍ത്തകന്റെ ചിത്രം; തെളിവ് നിരത്തി ഇന്ത്യാ ടുഡെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th May 2021, 4:27 pm

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളില്‍ നടന്ന അക്രമങ്ങളില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്റെ ചിത്രമെന്ന നിലയില്‍ ഇന്ത്യ ടുഡെ ടിവി മാധ്യമപ്രവര്‍ത്തകന്റെ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നതായി പരാതി. മാധ്യമപ്രവര്‍ത്തകനായ അബ്രോ ബാനര്‍ജിയുടെ ചിത്രമാണ് പേര് മാറ്റി മണിക് മൊയ്ത്ര എന്ന രീതിയില്‍ പ്രചരിക്കുന്നത്.

ബംഗാള്‍ ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ബി.ജെ.പി ഫോര്‍ ഇന്ത്യ എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലുമാണ് ഈ ചിത്രം പ്രചരിക്കുന്നത്. ഏകദേശം 12000ത്തോളം പേരാണ് ഈ ചിത്രങ്ങളടങ്ങിയ വീഡിയോ ഷെയര്‍ ചെയ്തത്.

കലാപത്തില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട അബ്രോ ബാനര്‍ജിയാണ് ഇത് വ്യാജവാര്‍ത്തയാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്.

‘രാവിലെ കുറച്ച് വൈകിയാണ് എഴുന്നേറ്റത്. ഫോണില്‍ നൂറിലധികം മിസ്ഡ് കോള്‍ കണ്ട് സംശയം തോന്നി ചിലരെ തിരിച്ചുവിളിച്ചപ്പോഴാണ് കാര്യം അറിഞ്ഞത്. കലാപത്തില്‍ കൊല്ലപ്പെട്ട മണിക് മിത്ര എന്ന പേരില്‍ ബി.ജെ.പി ഐടി സെല്‍ എന്റെ ചിത്രമാണ് ഉപയോഗിച്ചതെന്ന് സുഹൃത്താണ് പറഞ്ഞത്’, അബ്രോ ബാനര്‍ജി പറഞ്ഞു.

തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിലുണ്ടായ തൃണമൂല്‍ കോണ്‍ഗ്രസ്-ബി.ജെ.പി സംഘര്‍ഷം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബംഗാളില്‍ വലിയ പ്രചരണം നടത്തിയെങ്കിലും ബി.ജെ.പിയ്ക്ക് ജയിക്കാനായിരുന്നില്ല.

ബംഗാളിലെ അക്രമങ്ങളില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രധാനമന്ത്രി ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bengal BJP posts video with photo of India Today journalist