കൊല്‍ക്കത്ത: ബംഗാളിലെ ബിര്‍ഭൂം ജില്ലയില്‍ ബി.ജെ.പി നേതാവിന്റെ മകളെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതി കുട്ടിയുടെ അച്ഛന്‍ തന്നെയാണെന്ന് പൊലീസ്. ഉത്തര്‍ ദിനാജ്പൂരില്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതോടെയാണ് പൊലീസിന് നീക്കം മനസിലായത്. ഇതോടെ പൊലീസ് ബി.ജെ.പി പ്രാദേശിക നേതാവ് കൂടിയായ സുപ്രഭാത് ഭട്ട്യഭ്യാലിനെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
22 കാരിയായ പെണ്‍കുട്ടിയെ ദല്‍ഖോല റെയില്‍വെ സ്‌റ്റേഷന്‍ സമീപത്ത് വെച്ച് ഇന്നലെയാണ് പൊലീസ് കണ്ടെത്തിയത്.
തന്റെ പരിചയക്കാരായ രാജു സര്‍ക്കാര്‍, ദീപക് മണ്ഡല്‍ എന്നിവരെ ഉപയോഗിച്ചാണ് സുപ്രഭാത് തട്ടിക്കൊണ്ടു പോകല്‍ നടത്തിയത്. കുടുംബ വഴക്കോ അല്ലെങ്കില്‍ രാഷ്ട്രീയ മൈലേജ് കിട്ടുന്നതിനോ വേണ്ടിയാകാം ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവം കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
ബി.ജെ.പി നേതാവിന്റെ മകളെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ലഭ്പൂരില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രതിഷേധക്കാര്‍ കഴിഞ്ഞ മൂന്നു ദിവസമായി സുറി-കത്വ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച ജനക്കൂട്ടം കാര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് തൃണമൂല്‍ എം.എല്‍.എ മുനീറുല്‍ ഇസ്‌ലാമിന് രക്ഷപ്പെടാന്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടേണ്ടി വന്നിരുന്നു.