| Thursday, 23rd January 2020, 1:44 pm

സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയുടെ കൈയില്‍ ബി.ജെ.പി കൊടി; വിമര്‍ശനവുമായി ബി.ജെ.പി നേതാവായ നേതാജിയുടെ അനന്തരവന്‍; പാര്‍ട്ടി വിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: സുഭാഷ് ചന്ദ്രബോസിന്റെ 123 ാം ജന്മവാര്‍ഷികമായ ഇന്ന് ബംഗാളിലെ സുഭാഷ് ചന്ദ്രബോസ് പ്രതിമയുടെ കൈയില്‍ ബി.ജെ.പി പതാക പിടിപ്പിച്ച പാര്‍ട്ടി നടപടിക്കെതിരെ വിമര്‍ശനവുമായി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവനും ബംഗാള്‍ ബി.ജെ.പി ഉപാധ്യക്ഷനുമായ ചന്ദ്രബോസ്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പാര്‍ട്ടി തുടര്‍ന്നുപോരുന്ന നിലപാടിനേയും ചന്ദ്രബോസ് വിമര്‍ശിച്ചു. സി.എ.എയുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റം വരുത്താന്‍ പാര്‍ട്ടി തയ്യാറാകാത്ത പക്ഷം ഇനിയും പാര്‍ട്ടിയില്‍ തുടരണോ എന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ബംഗാളിലെ നാദിയ ജില്ലയിലുള്ള സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയുടെ കൈയിലാണ് ബി.ജെ.പിയുടെ പതാക പിടിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

” നേതാജി സുഭാഷ് ചന്ദ്രബോസ് തീര്‍ച്ചയായും ഒരു രാഷ്ട്രീയമുണ്ടായിരുന്നു. പക്ഷേ അദ്ദേഹം കക്ഷി രാഷ്ട്രീയത്തേക്കാള്‍ മുകളില്‍ നിന്ന വ്യക്തിയാണ്. ഇന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയും നേതാജി സുഭാഷ് ബോസിനെ അര്‍ഹിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ക്ക് നേതാജിയെ സ്വന്തമാക്കാന്‍ കഴിയില്ല, പക്ഷേ ഒരു പാര്‍ട്ടി അദ്ദേഹത്തിന്റെ കൈയില്‍ പാര്‍ട്ടി പതാക പിടിപ്പിക്കുന്നത് ഉചിതമാണെന്ന് ഞാന്‍ കരുതുന്നില്ല. ഇത്തരമൊരു നടപടിയെ ഞാന്‍ അങ്ങേയറ്റം അപലപിക്കുന്നു. സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് ഉടന്‍ തന്നെ ഇക്കാര്യം പരിശോധിക്കണമെന്ന് ഞാന്‍ കരുതുന്നു”,അദ്ദേഹം പറഞ്ഞു.

അടുത്തിടെ പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്‌ലീങ്ങളേയും ഉള്‍പ്പെടുത്തണമെന്ന് ചന്ദ്രബോസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

‘ചില ചെറിയ പരിഷ്‌കാരങ്ങള്‍ നടത്തുന്ന പക്ഷം ഞാന്‍ സി.എ.എയെ പിന്തുണയക്കും. നമ്മുടെ അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ആളുകള്‍ക്ക് അഭയം നല്‍കണമെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ ഗാന്ധിജി ഒരിക്കലും ഒരു മതത്തെയും പരാമര്‍ശിച്ചിരുന്നില്ല. മറിച്ച് നമ്മെ ഉപദ്രവിച്ചവരെപ്പോലും അദ്ദേഹം പരാമര്‍ശിച്ചിരുന്നു. അക്ഷരങ്ങളിലൂടെ നമ്മള്‍ ഗാന്ധിജിയെ പിന്തുടരേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞതെല്ലാം പാലിക്കേണ്ടതുണ്ട്.”, ചന്ദ്രബോസ് പറഞ്ഞു.

പീഡനത്തിനിരയാകുന്ന എല്ലാവിഭാഗക്കാരേയും ഇന്ത്യയിലെ പൗരത്വത്തിനായി പരിഗണിക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രസ്താവിക്കുന്ന പക്ഷം പ്രതിപക്ഷ പ്രചാരണം നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.

‘സി.എ.എ മതം അടിസ്ഥാനമാക്കിയല്ല നടപ്പാക്കുകയെന്ന് ആഭ്യന്തരമന്ത്രി ആവര്‍ത്തിച്ചുപറയുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ഇത് ഏതെങ്കിലും മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെങ്കില്‍ അത് സുതാര്യവും വളരെ വ്യക്തവുമായിരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ സി.എ.എ സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ തുടരുന്നുണ്ട്. 2016 ല്‍ ഞാന്‍ ബി.ജെ.പിയില്‍ ചേരുമ്പോള്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രത്യയശാസ്ത്രത്തില്‍ ഊന്നിയായിരിക്കും തന്റെ രാഷ്ട്രീയപ്രവര്‍ത്തനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും പറഞ്ഞിരുന്നു. അത് സമഗ്രവും മതേതരവുമാണ്. നേതാജിയുടെ നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഞാന്‍ വ്യതിചലിക്കുകയില്ല. അത് ഇപ്പോഴും നിലനില്‍ക്കുന്നണ്ട് എന്ന് കരുതുന്നുണ്ടെങ്കില്‍, അങ്ങനെയല്ല എന്നുണ്ടെങ്കില്‍ ബി.ജെ.പിയിലുള്ള എന്റെ ഭാവിയെക്കുറിച്ച് പുനര്‍വിചിന്തനം നടത്തേണ്ടിവരും,”ചന്ദ്രബോസ് പറഞ്ഞു.

മതപരമായ പീഡനങ്ങളാല്‍ ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31-നോ അതിനുമുമ്പോ ഇന്ത്യയില്‍ പ്രവേശിച്ച ഹിന്ദുക്കള്‍, ജൈനന്മാര്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് പൗരത്വ (ഭേദഗതി) നിയമം ലക്ഷ്യമിടുന്നത്.”ആ തീയതിക്ക് മുമ്പ് ഈ രാജ്യത്ത് വന്ന മുസ്‌ലീങ്ങള്‍ക്ക് എന്താണ് സംഭവിക്കുക? അതില്‍ ആശയക്കുഴപ്പമുണ്ട്. ആ ആശയക്കുഴപ്പം നീക്കാന്‍ കേന്ദ്രം നടപടിയെടുക്കണം,” ബോസ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more