ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്റെ കാര്‍ തല്ലിത്തകര്‍ത്തത് ബി.ജെ.പിക്കാര്‍ തന്നെ; തങ്ങളുടെ മേല്‍ കെട്ടിവെക്കേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
national news
ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്റെ കാര്‍ തല്ലിത്തകര്‍ത്തത് ബി.ജെ.പിക്കാര്‍ തന്നെ; തങ്ങളുടെ മേല്‍ കെട്ടിവെക്കേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th September 2018, 3:20 pm

കൊല്‍ക്കത്ത: ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ കാര്‍ അജ്ഞാതര്‍ തല്ലിത്തകര്‍ത്തു. ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയില്‍ വെച്ചാണ് സംഭവം. സെന്‍ട്രല്‍ ബസ് സ്റ്റാന്റിന് സമീപം നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം.

സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നാണ് ബി.ജെ.പിയുടെ വാദം. എന്നാല്‍ അത്തരത്തിലുള്ള നടപടി തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നും സ്വന്തം പാര്‍ട്ടിക്കാരെ വെച്ച് കാര്‍ തല്ലിത്തകര്‍ത്ത് അത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മേല്‍ ചാരേണ്ടെന്നും ടി.എം.സി നേതൃത്വം പ്രതികരിച്ചു.

സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ തന്നെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

സെന്‍ട്രല്‍ ബസ് സ്റ്റാസിന് സമീപം നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായി ഷോഘ് എത്തുമ്പോള്‍ ചിലയാളുകള്‍ അദ്ദേഹത്തെ കരിങ്കൊടി കാണിച്ചിരുന്നു. അവര്‍ തന്നെയാണ് കാറിന്റെ ചില്ലും അടിച്ചുതകര്‍ത്തും- പൊലീസ് പറഞ്ഞു.


സംഭവത്തില്‍ മൂന്ന് ബി.ജെ.പി നേതാക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞു. “” എന്റെ കാര്‍ തകര്‍ത്തത് തൃണമൂല്‍ പ്രവര്‍ത്തകരാണ്. എനിക്കൊപ്പം അകമ്പടിയായി വന്ന 15 മോട്ടോര്‍ബൈക്കുകളും അവര്‍ തകര്‍ത്തിട്ടുണ്ട്. ബി.ജെ.പിയെ അവസാനിപ്പിക്കാന്‍ അവര്‍ എന്തും ചെയ്യും. ബംഗാളില്‍ ബി.ജെ.പി അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നമാണ് ഇതെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം.

എന്നാല്‍ ബി.ജെ.പിയുടെ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്എം.പി ദിപയേന്തു അധികാരി പറഞ്ഞു. ഞാന്‍ ആ വഴി പോയിരുന്നു. ബി.ജെ.പിയിലെ തന്നെ ചില പ്രവര്‍ത്തകരാണ് അദ്ദേഹത്തെ കരിങ്കൊടി കാണിച്ചതെന്നാണ് എനിക്ക് ലഭിച്ച വിവരം. ബി.ജെ.പിയിലെ ആഭ്യന്തരകലഹത്തിന്റെ ബാക്കിപത്രമായിരുന്നു ഇത്. തൃണമൂലിന്റെ ആക്രമണമായി ഇതിനെ മാറ്റുന്നത് ബി.ജെ.പിയുടെ തന്ത്രം മാത്രമാണ്. ബംഗാളിലെ ഒരു സ്ഥലത്ത് പോലും ബി.ജെ.പി നടത്തുന്ന ഒരു പരിപാടിയും തങ്ങള്‍ ഇതുവരെ തടസ്സപ്പെടുത്തിയിട്ടില്ല. ഒരു നേതാക്കളേയും തടഞ്ഞിട്ടുമില്ല. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിനെ നിര്‍ഭാഗ്യകരം എന്നല്ലാതെ വിളിക്കാന്‍ കഴിയില്ല- അദ്ദേഹം വ്യക്തമാക്കി.