പോളിങ് ബൂത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ബി.ജെ.പി സ്ഥാനാര്‍ഥിയെ തൃണമൂല്‍ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ പുറത്താക്കി; കരഞ്ഞു കൊണ്ട് ബൂത്ത് വിട്ട് സ്ഥാനാര്‍ഥി
D' Election 2019
പോളിങ് ബൂത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ബി.ജെ.പി സ്ഥാനാര്‍ഥിയെ തൃണമൂല്‍ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ പുറത്താക്കി; കരഞ്ഞു കൊണ്ട് ബൂത്ത് വിട്ട് സ്ഥാനാര്‍ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th May 2019, 2:01 pm

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ഘാട്ടിലില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഭാരതി ഘോഷിനെതിരെ പോളിങ് സ്റ്റേഷനില്‍ പ്രതിഷേധം. ഘോഷിന്റെ വാഹനങ്ങള്‍ ആക്രമിക്കുകയും ചെയ്തു.

പോളിങ് ഏജന്റുമൊത്ത് ബൂത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഭാരതി ഘോഷിനെ തൃണമൂല്‍ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ പുറത്താക്കുകയായിരുന്നു. കരഞ്ഞു കൊണ്ടാണ് ഭാരതി ഘോഷ് ബൂത്ത് വിട്ടത്. അവിടെ നിന്നും മറ്റൊരു പോളിങ് സ്റ്റേഷനിലേയ്ക്ക് പോയ ഭാരതി ഘോഷിനെ അവിടെ നിന്നും പുറത്താക്കി.

‘ഞാന്‍ ഒരു സ്ഥാനാര്‍ഥിയാണ്. ഏതു സമയത്തും എനിക്ക് പോളിങ് ബൂത്തില്‍ പ്രവേശിക്കാനുള്ള അവകാശമുണ്ട്. എന്നെ തടയാന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിതമായി ആക്രമണം നടത്തുകയാണ്’ – ഭാരതി ഘോഷ് പറഞ്ഞു.

അതേസമയം, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബൂത്തില്‍ വീഡിയോ എടുക്കാന്‍ ഭാരതി ഘോഷ് ശ്രമിച്ചുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

അതേസമയം, കശ്പൂരിനടുത്ത് ഭാരതി ഘോഷിന്റെ വാഹനം ആക്രമിക്കുകയും ഗണ്‍മാന് മര്‍ദനമേല്‍ക്കുകയും ചെയ്തു. അക്രമണത്തിനിടെ ഭാരതി ഘോഷിന്റെ അംഗരക്ഷകന്റെ വെടിയേറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പരിക്കേറ്റു.

കിഴക്കന്‍ മിഡ്‌നാപൂരിലെ ഭഗവാന്‍പൂരില്‍ ശനിയാഴ്ച രാത്രി രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റിരുന്നു. ജാര്‍ഗ്രാമില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. രമിണ്‍ സിംഗ് എന്ന പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നുണ്ട്.