India
യു.പിയും ബീഹാറും ഭരിക്കുന്നത് മാഫിയകളെന്ന് ബി.ജെ.പി നേതാവ്; സത്യം പറഞ്ഞതില്‍ സന്തോഷമെന്ന് തൃണമൂല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 06, 10:01 am
Tuesday, 6th October 2020, 3:31 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ വിമര്‍ശനത്തില്‍ പുലിവാലുപിടിച്ച് പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്.

സംസ്ഥാനത്തെ ക്രമസമാധാനനില വഷളാവുകയാണെന്നും ക്രമേണ ഇത് ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങി മാഫിയകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലെ ആയി മാറുകയാണെന്നുമായിരുന്നു ദിലീപ് ഘോഷ് പറഞ്ഞത്.

അതേസമയം ബി.ജെ.പി അധികാരത്തിലിരിക്കുന്ന രണ്ട് സംസ്ഥാനങ്ങളില്‍ മാഫിയ-രാജ് നിലവിലുണ്ടെന്ന് ബി.ജെ.പി നേതാവ് തന്നെ അംഗീകരിച്ചത് നല്ലതാണെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് ഇതിന് മറുപടി നല്‍കിയത്.

‘ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും പോലെ പശ്ചിമ ബംഗാള്‍ ഒരു മാഫിയ-രാജിലേക്ക് വഴുതിവീഴുകയാണ്. പൊലീസ് സ്റ്റേഷന് പുറത്ത്വെച്ച് ഒരു കൗണ്‍സിലര്‍ വെടിയേറ്റു കൊല്ലപ്പെട്ടു എന്നത് ലജ്ജാകരമാണ്’, എന്നായിരുന്നു നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ടൈറ്റ ഗാര്‍ഗില്‍ ബി.ജെ.പി നേതാവ് മനീഷ് ശുക്ല കൊല്ലപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഘോഷ് പറഞ്ഞത്.

ഓരോ ദിവസവും കഴിയുന്തോറും ബംഗാളിലെ ക്രമസമാധാന നില വഷളായിക്കൊണ്ടിരിക്കുകയാണെന്നും ശുക്ലയെപ്പോലുള്ള ഒരു ബഹുജന നേതാവിനെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ പൊലീസിനും പങ്കുണ്ടെന്നും ദിലീപ് ഘോഷ് അവകാശപ്പെട്ടു.
ഇത്തരം അരാജകാവസ്ഥ തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് സാധ്യമാകുമോ എന്നും ദിലീപ് ഘോഷ് ചോദിച്ചിരുന്നു.

അതേസമയം ദിലീപ് ഘോഷിന്റെ പ്രസ്താവനക്ക് പിന്നാലെ പരിഹാവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു.

ബി.ജെ.പി ഭരിക്കുന്ന യു.പിയിലും ബീഹാറിലും മാഫിയ രാജ് ഉണ്ടെന്ന് അദ്ദേഹം അംഗീകരിച്ചത് നല്ലതാണ്. ഒരിക്കലെങ്കിലും അദ്ദേഹം സത്യം പറഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, എന്നായിരുന്നു തൃണമൂലിന്റെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കീം പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bengal becoming Mafia-ruled state like UP, Bihar: BJP’s Dilip Ghosh