മെസിയെക്കാൾ മൂല്യമുള്ള 21കാരൻ അർജന്റൈൻ താരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് വിടില്ലെന്ന് ക്ലബ്ബ്; റിപ്പോർട്ട്
football news
മെസിയെക്കാൾ മൂല്യമുള്ള 21കാരൻ അർജന്റൈൻ താരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് വിടില്ലെന്ന് ക്ലബ്ബ്; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th January 2023, 8:27 am

അർജന്റീനക്ക് ഖത്തറിൽ ലോകകപ്പ് നേടിക്കൊടുത്തതിൽ നിർണായക പങ്ക് വഹിച്ച താരങ്ങൾ നിരവധിയുണ്ട്. അതിൽ പ്രധാനിയാണ് 21കാരൻ യുവതാരം എൻസോ ഫെർണാണ്ടസ്.

ലോകകപ്പ് കഴിഞ്ഞ ശേഷം ട്രാൻസ്ഫർ വിപണിയിൽ മൂല്യം കുതിച്ചുയർന്ന താരത്തിന്റെ ട്രാൻസ്ഫർ തുക അർജന്റൈൻ ഇതിഹാസം മെസിയെക്കാൾ മുന്നിലെത്തിയിരുന്നു. ഏകദേശം 100 മില്യൺ യൂറോയിൽ കൂടുതൽ നൽകി താരത്തെ ടീമിലെത്തിക്കാൻ യൂറോപ്പിലെ വമ്പൻ ടീമുകളടക്കം രംഗത്ത് വന്നിരുന്നു.

എന്നാൽ 120 മില്യൺ യൂറോ നൽകി താരത്തെ ടീമിലെത്തിക്കാനുള്ള ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിയുടെ ശ്രമങ്ങളെ താരത്തിന്റെ നിലവിലെ ക്ലബ്ബായ ബെൻഫിക്ക തടഞ്ഞു എന്ന റിപ്പോർട്ടുകളാണ് നിലവിൽ പുറത്ത് വരുന്നത്.

ഏകദേശം 2 മില്യൺ യൂറോ എൻസോക്ക് നൽകിയാണ് നിലവിലെ കരാർ ബെൻഫിക്ക ഉറപ്പിച്ചതെന്നും താരത്തെ ചെൽസിക്ക് വിട്ട് നൽകാൻ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് ഒരു താൽപര്യവുമില്ലെന്നും വിവിധ പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതോടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഡേവിഡ് ഫൊഫാന, ആൻഡ്രെ സാന്റോസ്, മൈക്കലോ മൂഡ്രിക്ക്, ജാവോ ഫെലിക്സ് മുതലായ താരങ്ങളെ ടീമിലെത്തിച്ചതിന് ശേഷം മറ്റൊരു പ്രധാന സൈനിങിലേക്ക് കടക്കാമെന്ന ചെൽസിയുടെ മോഹങ്ങൾക്ക് തിരിച്ചടിയായി.

2022 ലോകകപ്പിലെ മികച്ച യുവതാരമായി തെരെഞ്ഞെടുക്കപ്പെട്ട എൻസോയെ ടീമിലെത്തിക്കുന്നതോടെ പ്രീമിയർ ലീഗിൽ തങ്ങൾ നേരിടുന്ന തുടർച്ചയായ മോശം പ്രകടനത്തിൽ നിന്നും രക്ഷപെടാമെന്നായിരുന്നു ക്ലബ്ബിന്റെ ധാരണ. ഇതിനായി വൻ നിക്ഷേപമാണ് കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ചെൽസി നടത്തിയത്.

എന്നാൽ എൻസോയെ വിട്ട്നൽകാതിരിക്കാൻ തങ്ങളെകൊണ്ട് ആവുന്നതെല്ലാം ബെൻഫിക്ക ചെയ്തിരുന്നു. താരത്തിന്റെ റിലീസ് ക്ലോസ് 120 മില്യൺ യൂറോയായി വർധിപ്പിച്ചതും ഇതിന്റെ ഭാഗമായാണ്. എന്നിട്ടും താരത്തെ ചെൽസി വിടാതെ പിന്തുടർന്നപ്പോഴാണ് 2 മില്യൺ കൂടി നൽകി എൻസോയുടെ കരാർ ബെൻഫിക്ക ഉറപ്പിച്ചത്.

നേരത്തെ നിലവിലെ സീസൺ അവസാനിക്കുന്നത് വരെയെങ്കിലും എൻസോയെ വിട്ട് നൽകില്ലെന്ന് ബെൻഫിക്ക കോച്ച് റോജർ സ്കിമിഡ്ത്ത് ഗോളിന് നൽകിയ ആഭിമുഖത്തിൽ പറഞ്ഞിരുന്നു.

അതേസമയം പ്രീമിയർ ലീഗിൽ നിലവിൽ 20 മത്സരങ്ങളിൽ നിന്നും 29 പോയിന്റുമായി പത്താം സ്ഥാനത്താണ് ചെൽസി. പോർച്ചുഗീസ് ലീഗിൽ 18 മത്സരങ്ങളിൽ നിന്നും 47 പോയിന്റുമായി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരാണ് ബെൻഫിക്ക.

 

Content Highlights:benfica will not let enzo fernandes to the English Premier League; Report