റെക്കോഡ് തുകക്കാണ് വമ്പന്‍ ക്ലബ്ബായ ചെല്‍സി അര്‍ജന്റൈന്‍ സൂപ്പര്‍താരം എന്‍സോ ഫെര്‍ണാണ്ടസിനെ സ്വന്തമാക്കുന്നത്. 1063 കോടി രൂപയുടെ ഓഫറാണ് ചെല്‍സി മുന്നോട്ട് വെക്കുന്നത്. ബ്രിട്ടണിലെ ഏറ്റവുമുയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയാണ് ഇത്. 885 കോടിക്ക് കഴിഞ്ഞവര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റി ജാക്ക് ഗ്രീലിഷിനെ സ്വന്തമാക്കിയതാണ് നിലവിലെ റെക്കോഡ്.
താരത്തിന്റെ ക്ലബ്ബ് മാറ്റത്തെ കുറിച്ചുള്ള ചോദ്യത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ബെന്‍ഫിക്കയുടെ കോച്ച് റോജര്‍ ഷ്മിഡ്. സ്‌പോര്‍ട്‌സ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഫുട്‌ബോള്‍ ഇതൊക്കെയാണ്, താരങ്ങള്‍ വരും പോകും. ഇപ്പോള്‍ ഇവിടെയില്ലാത്ത താരത്തെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിലവില്‍ ക്ലബ്ബിലുള്ള താരങ്ങളില്‍ ഞാന്‍ സന്തുഷ്ടനാണ്. എനിക്ക് ഈ ടീമിനെ ഇഷ്ടമാണ്. ബെന്‍ഫിക്ക അത്യുഗ്രന്‍ ക്ലബ്ബാണ്. ഞങ്ങള്‍ ആരാധകരെ സന്തോഷിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. ഞങ്ങള്‍ ചാമ്പ്യന്മാരാകും. അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്,’ കോച്ച് പറഞ്ഞു.
നീണ്ട 36 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ച് അര്‍ജന്റീനയെ ലോക ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് എന്‍സോ ഫെര്‍ണാണ്ടസ്. ഖത്തര്‍ ഫിഫ ലോകകപ്പിലെ യുവ താരത്തിനുള്ള അവാര്‍ഡിന് അര്‍ഹനായതും ഈ 21കാരനാണ്. വേള്‍ഡ് കപ്പിന് ശേഷം മാര്‍ക്കറ്റ് വാല്യൂ കുത്തനെ ഉയര്‍ത്തിയ താരങ്ങളില്‍ ഒരാളാകാനും എന്‍സോക്കായി.
ആറ് താരങ്ങളെ സ്വന്തമാക്കിയ ചെല്‍സി ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ജാവോ ഫെലിക്‌സിനെ ലോണ്‍ അടിസ്ഥാനത്തിലും ടീമിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നേരത്തെ എന്‍സോയുടെ ക്ലബ്ബ് മാറ്റം അനിശ്ചിതത്വത്തിലായിരുന്നു.
ചെല്‍സി താരത്തെ സൈന്‍ ചെയ്യാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ബെന്‍ഫിക്ക വിട്ടുനല്‍കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ചെല്‍സി കൂടുതല്‍ തുക ഓഫര്‍ ചെയ്ത് രംഗത്തെത്തിയത്. തുക ഒറ്റ ഗഡുവായി വേണമെന്നായിരുന്നു ബെന്‍ഫിക്കയുടെ നിലപാട്.
കഴിഞ്ഞ ജൂണില്‍ ബെന്‍ഫിക്കയില്‍ ചേര്‍ന്ന എന്‍സോ, ക്ലബ്ബിനായി 14 കളിയില്‍ ഒരു ഗോളാണ് നേടിയിട്ടുളളത്. ഖത്തര്‍ ലോകകപ്പിന് മുമ്പ് വെറും 18 ദശലക്ഷം യൂറോയായിരുന്നു എന്‍സോ ഫെര്‍ണാണ്ടസിന്റെ വിപണിമൂല്യം. അര്‍ജന്റീനയുടെ കിരീടവരള്‍ച്ച അവസാനിപ്പിക്കാന്‍ നിര്‍ണായക പങ്കുവഹിച്ചതോടെയാണ് എന്‍സോയുടെ വിപണിമൂല്യം 120 ദശലക്ഷം യൂറോയായി ഉയര്‍ന്നത്.
Content Highlights: Benfica coach Roger Schmid talking about Enzo Fernandez’s transfer to Chelsea