[]പച്ചക്കറികളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് തക്കാളി. തക്കാളിക്ക് ഏറെ ഗുണഗണങ്ങളുമുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഒരു ഘടകം ഹൃദ്രോഗികളുടെ രക്തധമനികളുടെ പ്രവര്‍ത്തനം സുഗമമാക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.
ലൈക്കോപീന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. വിറ്റാമിന്‍ ഇയേക്കാള്‍ 10 മടങ്ങ് ഗുണമുണ്ട് ലൈക്കോപീനെന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ലക്ചറര്‍ ജോസഫ് ചെറിയാന്‍ പറയുന്നത്. ലൈക്കോപീന്‍ എങ്ങനെയാണ് ഹൃദയാരോഗ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നത് ഇപ്പോഴും നിഗൂഢമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കെച്ചപ്പിനും ഒലിവ് ഓയിലിനുമൊപ്പം തക്കാളി ഉപയോഗിക്കുകയാണെങ്കില്‍ അതിന് ഗുണം കൂടുമെന്നും കണ്ടെത്തിയിട്ടുണ്ട്. ലൈക്കോപീനിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ മനസിലാക്കുന്നതിനായി ഗവേഷകര്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.
36 ഹൃദ്രോഗികളില്‍ ഇത് സംബന്ധിച്ച് ഒരു പരീക്ഷണം നടന്നിരുന്നു. ഇവരില്‍ ചിലര്‍ക്ക് 7മില്ലി ലൈക്കോപീന്‍ അടങ്ങിയ ഗുളികയും മറ്റ് ചിലര്‍ക്ക് സാധാരണ നല്‍കുന്ന ഗുളികയും നല്‍കി. ലൈക്കോപീന്‍ നല്‍കിയവരുടെ രക്തക്കുഴലുകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ വിസ്താരമുള്ളതായതായി മനസിലായി.
ഹൃദ്രോഗികളില്‍ ആരോഗ്യപരമായ ഡയറ്റിന്റെ ആവശ്യകതയാണ് ഈ പഠനം വെളിവാക്കുന്നതെന്ന് ജോസഫ് ചെറിയാന്‍ അഭിപ്രായപ്പെട്ടു. ഗവേഷണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പി.എല്‍.ഒ.എസ് വണ്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.