ഗുണഭോക്തൃ വിഹിതം തിരിച്ചടിയായി; ഫണ്ടുണ്ടായിട്ടും ആനുകൂല്യം കൈപ്പറ്റാനാകാതെ പട്ടികവര്‍ഗക്കാര്‍; സ്വന്തം കൈയില്‍ നിന്നും പണം നല്‍കി നഗരസഭാ ചെയര്‍പേഴ്‌സണ്‍
Dalit Life and Struggle
ഗുണഭോക്തൃ വിഹിതം തിരിച്ചടിയായി; ഫണ്ടുണ്ടായിട്ടും ആനുകൂല്യം കൈപ്പറ്റാനാകാതെ പട്ടികവര്‍ഗക്കാര്‍; സ്വന്തം കൈയില്‍ നിന്നും പണം നല്‍കി നഗരസഭാ ചെയര്‍പേഴ്‌സണ്‍
ആര്യ. പി
Saturday, 12th May 2018, 1:56 pm

കൊച്ചി: കളമശ്ശേരിയിലെ പട്ടികവര്‍ഗക്കാരായ 15 കുടുംബങ്ങള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് മുനിസിപ്പാലിറ്റി വാട്ടര്‍ടാങ്ക് അനുവദിക്കുന്നത്. ഏറെ നാളത്തെ ആവശ്യം സഫലമായതിന്റെ ആശ്വാസത്തിലായിരുന്നു ഈ പതിനഞ്ച് കുടുംബങ്ങളും. എന്നാല്‍ ഗുണഭോക്തൃ വിഹിതമായി 612 രൂപ കൂടി അടയ്ണമെന്ന അറിയിപ്പ് വന്നതോടെ തങ്ങള്‍ക്ക് വാട്ടര്‍ടാങ്ക് വേണ്ടെന്ന് പറയുകയല്ലാതെ ഇവര്‍ക്ക് മുന്‍പില്‍ മറ്റു വഴികള്‍ ഉണ്ടായിരുന്നില്ല.

അതോടെ കളമശ്ശേരി ചെയര്‍പേഴ്‌സണ്‍ ജെസ്സി പീറ്റര്‍ ഓരോ കുടുംബങ്ങളേയും സന്ദര്‍ശിച്ചു. തങ്ങളുടെ ദയനീയാവസ്ഥ ഓരോ കുടുംബവും ഇവരുമായി പങ്കുവെച്ചു. ഇവരുടെ ദയനീയാവസ്ഥയില്‍ മനസലിഞ്ഞ ചെയര്‍പേഴ്‌സണ്‍ നിങ്ങള്‍ 112 രൂപ അടയ്ക്കൂ എന്ന് ബാക്കി 500 രൂപ താന്‍ നല്‍കാമെന്ന് പറഞ്ഞ് രംഗത്തെത്തി. അങ്ങനെ സ്വന്തം കയ്യില്‍ നിന്നും പണമെടുത്ത് 500 രൂപ വീതം അവര്‍ ചിലവഴിച്ചു. ബാക്കി 112 രൂപ ആ ദരിദ്ര കുടുംബങ്ങള്‍ സ്വരൂപിച്ച് നല്‍കിയതോടെ വീടുകളില്‍ പൈപ്പുവെള്ളമെത്തി.

“”ആദിവാസികളെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അവര്‍ കൂലിപ്പണിക്ക് പോകുന്നവരാണ്. അന്നന്നത്തെ അന്നത്തിന് വകപോലും ലഭിക്കില്ല. പച്ചമരുന്ന് പറിച്ച് വില്‍ക്കലും മറ്റുമാണ് ഇവരുടെ തൊഴില്‍. അതില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ഗുണഭോക്തൃവിഹിതം അടക്കാന്‍ കഴിയില്ല. നിയമപ്രകാരം അത് അടച്ചാല്‍ മാത്രമേ ഫണ്ട് ലഭിക്കുള്ളൂ. ആ സാഹചര്യത്തില്‍ അവര്‍ക്ക് അത് കിട്ടാതെ പോകരുത് എന്നുള്ളതുകൊണ്ടാണ് കയ്യില്‍ നിന്നും തുകയെടുക്കാന്‍ തീരുമാനിച്ചത്.അടക്കാന്‍ ഫണ്ടില്ലെന്നും എന്തുചെയ്യുമെന്നും ചോദിച്ച് അവര്‍ വന്നപ്പോള്‍ പറ്റുമെങ്കില്‍ 112 രൂപ നിങ്ങള്‍ അടക്കൂ. ബാക്കി തുക എന്റെ കയ്യില്‍ നിന്നും തരാമെന്ന് പറയുകയായിരുന്നു. “” – ജെസ്സി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

നഗരസഭകളും സര്‍ക്കാരും തീരുമാനിച്ചാല്‍ ഗുണഭോക്തൃവിഹിതം എടുത്തുകളയാന്‍ സാധിക്കുമെന്നും അതിന് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്നും ജെസ്സി ആവശ്യപ്പെടുന്നു. ഗുണഭോക്തൃവിഹിതം അടക്കാതെയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നിതിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കണം. അല്ലാതെ വരുമ്പോള്‍ സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുകള്‍ ചിലവഴിക്കാന്‍ പറ്റാതെ വരുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഏലൂര്‍ മുനിസിപ്പാലിറ്റിയിലെ താമസക്കാരനും പട്ടിക വര്‍ഗക്കാരനുമായ കോട്ടക്കുന്ന് വീട്ടില്‍ അനിലിന് കഴിഞ്ഞവര്‍ഷമാണ് വാട്ടര്‍ടാങ്ക് സ്ഥാപിക്കാന്‍ നഗരസഭ ഫണ്ട് അനുവദിക്കുന്നത്. ഏറെ ദൂരം താണ്ടി വെള്ളം ശേഖരിച്ചിരുന്ന ഈ കുടുംബത്തെ സംബന്ധിച്ച്
തങ്ങളുടെ കൂരയിലും പൈപ്പുവഴി വെള്ളമെത്തുമെന്നത് ആശ്വാസമായിരുന്നു.

എന്നാല്‍ 750 രൂപ ഗുണഭോക്തൃ വിഹിതം നല്‍കണമെന്ന അറിയിപ്പ് വന്നതോടെ കുടുംബം അങ്കലാപ്പിലായി. കൂലിപ്പണിക്കാരനായ ഗൃഹനാഥനെ സംബന്ധിച്ച് അത് വലിയ തുകയായിരുന്നു.നിശ്ചിതസമയം കഴിഞ്ഞിട്ടും പണം അടച്ചില്ലെന്ന കാരണത്താല്‍ വാട്ടര്‍ടാങ്ക് എന്ന ഇവരുടെ സ്വപ്‌നം പൊലിഞ്ഞു.

കളമശ്ശേി നഗരസഭയിലും കൊച്ചിന്‍ കോര്‍പ്പറേഷനിലും പട്ടികവര്‍ഗക്കാര്‍ക്ക് വര്‍ഷങ്ങളായിട്ട് ഫണ്ട് ഉണ്ടായിരുന്നില്ല. അഞ്ച് മാസം മുന്‍പാണ് സമരം ചെയ്ത ശേഷം ഇവരെ ചര്‍ച്ചയ്ക്ക് വിളിക്കുകയും ജനറല്‍ ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ തരാമെന്ന് വാഗ്ദാനം ചെയ്തതും.

സംസ്ഥാനത്ത് പട്ടികവര്‍ഗ വികസന പദ്ധതിക്കായി അനുവദിക്കുന്ന ഫണ്ട് പൂര്‍ണമായി ചിലവഴിക്കുന്നില്ലെന്ന് ആദി ദ്രാവിഡ സാംസ്‌കാരിക സഭ മദ്ധ്യമേഖലാ സെക്രട്ടറി കെ. സോമന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പട്ടികവര്‍ഗവികസനത്തിന് പ്രത്യേകമായി അനുവദിക്കുന്ന ഫണ്ടാണ് ടി.എസ്.പി. എന്നാല്‍ ആദിവാസി വികസന ഫണ്ട് അനുവദിക്കുമ്പോള്‍ തന്നെ ഈ ഫണ്ട് പൂര്‍ണമായി ചിലവഴിക്കാന്‍ കഴിയാത്ത വിധത്തിലുള്ള നിയമക്കുരുക്കുകളും അധികാരികള്‍ ഉണ്ടാക്കിവെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

“”ഇന്ന് ആദിവാസി വികസനം എന്ന് പറയുന്നത് ഒരു പ്രഹസനമാണ്. ആട്, കോഴി തുടങ്ങിയ കിട്ടണമെന്നുണ്ടെങ്കില്‍ നമ്മള്‍ ഗുണഭോക്തൃ വിഹിതം അടക്കണം. എന്നാല്‍ അത് പലര്‍ക്കും സാധിക്കില്ല. നമ്മുടെ വികസനത്തിനായി ഫണ്ട് അനുവദിക്കുകയും അതിനായി നമ്മുടെകയ്യില്‍ നിന്ന് തന്നെ കാശുവാങ്ങുകയും ചെയ്യുന്ന നിലപാടാണ്.

ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്ത ആദിവാസികളെ സംബന്ധിച്ച് ഇത് ബുദ്ധിമുട്ടാണ്. 20000 രൂപ ഒരു പശുവിനെ വാങ്ങാനായി ലഭിക്കുകയാണെങ്കില്‍ 5000 അവിടെ അടയ്ക്കണം. അത് അടക്കാതെ വരുമ്പോള്‍ ആ പണം ലാപ്‌സ് ആവും. അവിടെ മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ ഉണ്ടെങ്കില്‍ അവന്‍ ഈ തുക അടച്ച് ആ ഫണ്ട് കൈപ്പറ്റും. യഥാര്‍ത്ഥത്തില്‍ അര്‍ഹതപ്പെട്ടവന് തുക ലഭിക്കുന്നില്ല. ഈ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം.”” സോമന്‍ പറയുന്നു.

സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായി തദ്ദേശ സ്ഥാപനങ്ങള്‍ മുട്ടക്കോഴി മുതല്‍ പശുവിനെ വരെ വാങ്ങാന്‍ പണം നല്‍കും. ഭൂരഹിതര്‍ക്ക് വീടുവയ്ക്കാന്‍ ഫണ്ട് അനുവദിക്കും. തുകയില്‍ ഒരു വിഹിതം ഉപഭോക്താവ് നല്‍കണമെന്നു കേള്‍ക്കുന്നതോടെ പാവപ്പെട്ട പട്ടികവര്‍ഗക്കാര്‍ പിന്‍മാറും.

ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത തങ്ങള്‍ ഉപഭോക്തൃ വിഹിതത്തിന് എവിടെ പോകുമെന്നാണ് ഇവരുടെ ചോദ്യം. പലര്‍ക്കും ഈ തുക അടക്കാന്‍ കഴിയില്ല. നഗരസഭ പ്രദേശങ്ങളില്‍ ഒരു സെന്റ് സ്ഥലം വാങ്ങാന്‍ 3 ലക്ഷം രൂപ വരെ അനുവദിക്കും. 2 സെന്റ് സ്ഥലംവാങ്ങാന്‍ ആറ് ലക്ഷം അനുവദിക്കും. ഭൂരഹിതനായ, കയ്യില്‍ കാശില്ലാത്ത ആദിവാസി കുടുംബത്തിന് ഇത് വാങ്ങാന്‍ കഴിയില്ല. ഫണ്ട് അവിടെ കിടക്കുകയും ചെയ്യും.

പട്ടികവര്‍ഗക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഫണ്ട് നീക്കിവച്ചിട്ടുണ്ട്. മന്ത്രി എ.കെ. ബാലന്റെ ഇടപെടലിനെ തുടര്‍ന്നാണ് 15 വര്‍ഷം മുമ്പ് നിര്‍ത്തിവച്ച പദ്ധതി വീണ്ടും ആരംഭിക്കുന്നത്.

ആദിവാസികള്‍ക്ക് ത്രിതല പഞ്ചായത്ത് മുഖേന വ്യക്തിഗത ആനുകൂല്യം കൊടുക്കുമ്പോള്‍ ആദിവാസികള്‍ ഗുണഭോക്തൃ വിഹിതം അടക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആദിദ്രാവിഡ സാംസ്‌ക്കാരിക സഭ മന്ത്രി എ.കെ ബാലന് കത്തയച്ചിരുന്നു.

ദരിദ്രരായ ആദിവാസികള്‍ക്ക് ഈ നടപടി ഭാരമേറിയതാണെന്നും ഈ വ്യവസ്ഥിതി നിലനില്‍്ക്കുമ്പോള്‍ പല പഞ്ചായത്തുകളിലേയും ആദിവാസി വികസന ഫണ്ട് ചിലവഴിക്കാന്‍ പറ്റാത്ത പറ്റാത്ത അവസ്ഥയാണെന്നും ആദിദ്രാവിഡ സാംസ്‌ക്കാരിക സഭ കത്തില്‍ പറയുന്നു.

ആട്, കോഴി, പശു എരുമ തുടങ്ങിയ പലതും ആദിവാസികള്‍ക്ക് പാസ്സായി കഴിഞ്ഞാലും ഇത്ര ശതമാനം തുക അടക്കണമെന്ന് അധികാരികള്‍ പറയുമ്പോള്‍ പലര്‍ക്കും അത് അടക്കാനാവാത്ത അവസ്ഥയാണ്. അതുകൊണ്ട് ആ വിഭാഗക്കാര്‍ക്ക് ത്രിതല പഞ്ചായത്ത് വഴി വ്യക്തിഗത ആനുകൂല്യം കൊടുക്കുമ്പോള്‍ ഗുണഭോക്തൃ വിഹിതം ഒഴിവാക്കി ടി.എസ്.പി പൂര്‍ണമായി ചിലവഴിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രി എ.കെ ബാലനോട് ആവശ്യപ്പെട്ടിരുന്നു.

പട്ടികവര്‍ഗ വികസനം എന്ന പ്രഹസനം

ജില്ലയില്‍ ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗക്കാര്‍ താമസിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലാണ് ഇവരുടെ പേരില്‍ ഏറ്റവുമധികം അഴിമതി അരങ്ങേറുന്നത്. രണ്ടാം സ്ഥാനത്തുള്ള കോട്ടുവള്ളി പഞ്ചായത്തിലും സ്ഥിതി ഇതുതന്നെ.

അടിസ്ഥാന സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ റോഡ് നിര്‍മ്മാണത്തിന് വേണ്ടി കോടികള്‍ പാഴാക്കുന്നു. ശൗചാലയം ഇല്ലാത്ത ധാരാളം വീടുകളുണ്ട്. വികസന പ്രവര്‍ത്തനങ്ങളുടെ ഫലം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കണമെങ്കില്‍ ഉപഭോക്തൃ വിഹിതം ഒഴിവാക്കണം. ഊരുകൂട്ടത്തിന്റെ നിര്‍ദേശപ്രകാരം പദ്ധതികള്‍ക്ക് രൂപം നല്‍കണം.

എന്നാല്‍ ഊരുകൂട്ടം എടുക്കുന്ന തീരുമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്നില്ലെന്ന് സോമന്‍ പറയുന്നു. സര്‍ക്കാര്‍ നിശ്ചയിക്കുന്ന പദ്ധതികള്‍ എല്ലാ മേഖലയിലും നടപ്പിലാക്കപ്പെടുന്നില്ല. പട്ടികവര്‍ഗ ഊരിന് സ്വയംഭരണ അവകാശം കൊടുത്തുകഴിഞ്ഞാല്‍ അവിടുത്തെ പഞ്ചായത്ത് സെക്രട്ടറിക്കോ ഭരണ സമിതിക്കോ യാതൊന്നും ചെയ്യാന്‍ കഴിയില്ല. ആദിവാസികളുടെ വികസനത്തിനായി നല്‍കപ്പെടുന്ന ഫണ്ടുകള്‍ അട്ടിമറിക്കപ്പെടുകയും വന്‍ ക്രമക്കേട് നടത്തിയുമാണ് മുന്നോട്ടുപോകുന്നത്. സര്‍ക്കാര്‍ അനുവദിക്കുന്ന തുകയുടെ 90 ശതമാനവും അട്ടിമറിക്കപ്പെടുന്നുണ്ട്. ആദിവാസി വികസനമെന്ന പ്രഹസനമാണ് സംസ്ഥാനത്ത് നടക്കുന്നത്. – അദ്ദേഹം പറയുന്നു.

കൊച്ചി കോര്‍പ്പറേഷന്‍ 88 ലക്ഷം രൂപയാണ് ഈ വര്‍ഷം പട്ടികവര്‍ഗക്കാര്‍ക്കായി മാറ്റിവച്ചത്. 275 കുടുംബങ്ങളാണ് വിവിധ ഡിവിഷനുകളിലായി താമസിക്കുന്നത്. വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് കൂടുതല്‍ തുക ചെലവഴിക്കാനാണ് ഉദേശം. ഊരുകൂട്ടം കൂടി കമ്മിറ്റി രൂപീകരിച്ചിരുന്നു.

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.