വത്തിക്കാന്‍: കത്തോലിക്ക സഭയില്‍ വിവാഹിതരായ പുരുഷന്മാരെ വൈദികരായി നിയമിക്കുന്നതിനെതിരെ പ്രതിഷേധവുമായി മുന്‍ മാര്‍പ്പാപ്പ ബെനഡിക്ട് പതിനാറാമന്‍. ‘എനിക്ക് ഇനിയും നിശ്ശബ്ദനായി’ തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞു കൊണ്ടാണ് മുന്‍ പോപ്പ് പരസ്യമായി രംഗത്ത് എത്തിയത്.
കര്‍ദിനാള്‍ റോബര്‍ട്ട് സാറക്കൊപ്പം ചേര്‍ന്ന് ബെനഡിക്ട് പതിനാറാമന്‍ എഴുതിയ പുസ്തകത്തിലാണ് നിലവിലെ മാര്‍പാപ്പ ഫ്രാന്‍സിസിന്റെ നിലപാടിനെതിരെ രംഗത്ത് എത്തിയത്.
പരമ്പരാഗത വിഭാഗങ്ങള്‍ വസിക്കുന്ന വിദൂരപ്രദേശങ്ങളില്‍ കത്തോലിക്കാ വിശ്വാസികള്‍ പുരോഹിതന്‍മാരെ കാണാന്‍ മാസങ്ങള്‍ തന്നെ വേണ്ടിവരുന്നു. ഇത് സഭയുടെ ഭാവിയെ ബാധിക്കുന്നതോടൊപ്പം നൂറ്റാണ്ടുകള്‍ കൊണ്ട് നടത്തിയ മിഷന്‍ യത്നങ്ങളെയും ഇല്ലാതാക്കുമെന്നും സഭ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ അവസരത്തിലാണ് വിവാഹതിരായ മുതിര്‍ന്ന വ്യക്തികളെ പുരോഹിതന്‍മാരായി നിയോഗിക്കുന്ന വിഷയം ചര്‍ച്ചയായി വന്നത്.
എന്നാല്‍ ഒരേസമയം രണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്നാണ് മുന്‍ മാര്‍പാപ്പ പറയുന്നത്. ‘കര്‍ത്താവിന്റെ സേവനത്തിന് മനുഷ്യരെ പൂര്‍ണമായ സമര്‍പ്പണം ആവശ്യമായി വരുന്നതിനാല്‍, രണ്ട് കാര്യങ്ങള്‍ ഒരേസമയം ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല’ എന്നാണ് പുസ്തകത്തില്‍ പറയുന്നത്.
അതേസമയം പിന്‍ഗാമികളുടെ പരിഗണനയിലുള്ള വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിക്കരുതെന്ന കീഴ്‌വഴക്കം ബെനഡിക്ട് പതിനാറാമന്‍ തെറ്റിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.