ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കണ്ടകശനി അവസാനിക്കുന്നില്ല. എം.എസ്. ധോണിയുടെ അവസാന സീസണില്‍ തങ്ങളുടെ തലയെ കിരീടത്തോടെ മടക്കിയയക്കാന്‍ ഒരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ടീം വിടുന്നതാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്ക് തിരിച്ചടിയാകുന്നത്.
ഡിസംബറില്‍ നടന്ന മിനി ലേലത്തില്‍ 16.25 കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ച സ്റ്റാര്‍ ഓള്‍ റൗണ്ടറും ഇംഗ്ലണ്ട് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റനുമായ ബെന്‍ സ്റ്റോക്‌സ് സീസണില്‍ പൂര്‍ണമായും കളിക്കില്ല. നിര്‍ണായകമായ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് മുമ്പ് താരം നാഷണല്‍ ഡ്യൂട്ടിക്കായി തിരികെ ഇംഗ്ലണ്ടിലേക്ക് മടങ്ങിയേക്കും.
എം.എസ്. ധോണിക്ക് ശേഷം സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ ഇനിയാര് എന്ന ചോദ്യത്തിന് ആരാധകരുടെ മനസിലുണ്ടായിരുന്ന ഏക പേര് ബെന്‍ സ്റ്റോക്‌സിന്റേതായിരുന്നു. എന്നാല്‍ സീസണ്‍ കഴിയും മുമ്പ് താരം ടീം വിടുന്നത് ആരാധകര്‍ക്കിടയിലും മുറുമുറുപ്പുണ്ടാക്കിയേക്കും.
അയര്‍ലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തിന് മുമ്പ് വേണ്ടത്ര വിശ്രമം വേണമെന്നും തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്നുമാണ് സ്റ്റോക്‌സ് പറഞ്ഞത്.
‘അതെ, ഉറപ്പായും ഞാന്‍ കളിക്കും. അയര്‍ലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തിന് മുമ്പ് എനിക്ക് സ്വയം തയ്യാറെടുക്കാനുള്ള സമയം ആവശ്യമാണ്. മാത്രമല്ല സഹതാരങ്ങളോട് ആഷസിനായി തയ്യാറെടുക്കാനും ഞാന്‍ ആവശ്യപ്പെടും. കാരണം സമ്മറിലെ ആ അഞ്ച് മത്സരങ്ങള്‍ ഏറെ വലുതാണ്. കൂടെയുള്ള കൂട്ടികള്‍ക്ക് എന്താണ് വേണ്ടതെന്ന് നിങ്ങള്‍ ചിന്തിക്കണം,
അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ എന്തെങ്കിലും സംഭവിക്കുകയോ ആഷസില്‍ ഏതെങ്കിലും താരത്തെ നഷ്ടപ്പെടുകയോ ചെയ്യുകയാണെങ്കില്‍ അതും ചിന്തിക്കേണ്ട കാര്യമാണ്’ സ്റ്റോക്‌സിനെ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെല്ലിങ്ടണ്ണില്‍ വെച്ച് നടക്കുന്ന ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായാണ് താരം ഇക്കാര്യം പറഞ്ഞത്.
ജൂണ്‍ 16നാണ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഐക്കോണിക് റൈവല്‍റിയായ ആഷസ് മത്സരങ്ങള്‍ തുടങ്ങുന്നത്. എഡ്ജ്ബാസ്റ്റണിലാണ് ആദ്യ മത്സരം.
നേരത്തെ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം കൈല്‍ ജമെയ്‌സണ്‍ ഈ സീസണില്‍ കളിക്കില്ലെന്ന് ഉറപ്പായിരുന്നു. പുറംഭാഗത്തിനേറ്റ പരിക്കിന് ശസ്ത്രക്രിയ ചെയ്ത ശേഷം നാല് മാസത്തോളം താരത്തിന് വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. താരത്തിന് സീസണ്‍ പൂര്‍ണമായും നഷ്ടപ്പെടും.
അതേസമയം, സ്റ്റോക്‌സ് ലീഗ് ഘട്ടത്തിലെ എല്ലാ മത്സരത്തിലും ടീമിനൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റോക്‌സിനൊപ്പം തന്നെ വിവിധ ടീമുകള്‍ക്കൊപ്പം കളിക്കുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങളും ഒരുപക്ഷേ പ്ലേ ഓഫിന് ഉണ്ടായേക്കില്ല.
Content highlight: Ben Stokes will not play in complete season of IPL 2023