| Friday, 1st July 2022, 12:38 pm

ഇന്ത്യയോ... അവര്‍ ആരോ ആവട്ടെ... കളിക്കുന്നത് ഞങ്ങളോടാണെന്ന് ഓര്‍ക്കണം; അഞ്ചാം ടെസ്റ്റിന് മുമ്പേ ഇന്ത്യയെ ചൊറിഞ്ഞ് സ്‌റ്റോക്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് മത്സരത്തിന് ബെര്‍മിങ്ഹാമില്‍ തുടക്കമാവുകയാണ്. ഇതിനിടെ വമ്പന്‍ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്.

ലോകത്തിലെ ഏറ്റവും മികച്ച ടീമിനെ 3-0ന് തോല്‍പിച്ചാണ് തങ്ങള്‍ വന്നിരിക്കുന്നതെന്നും എതിരാളികള്‍ ആരായാലും കളിക്കുന്നത് തങ്ങള്‍ തന്നെയാണെന്നുള്ള കാര്യം മറക്കരുതെന്നുമാണ് സ്റ്റോക്‌സ് പറഞ്ഞത്.

‘ഞങ്ങള്‍ ലോകത്തിലെ മികച്ച ടീമിനെ (ന്യൂസിലാന്‍ഡ്) 3-0നാണ് തോല്‍പിച്ചത്. ഇന്ത്യ ന്യൂസിലാന്‍ഡില്‍ നിന്നും വളരെ വ്യത്യസ്തമായ ടീമാണ്. ഇന്ത്യയുടെ ടീം ഡൈനാമിക് വളരെ വ്യത്യസ്തമാണ്. എതിരാളികള്‍ മാറിയെന്ന് കരുതി ഞങ്ങള്‍ ഒരിക്കലും മാറാന്‍ പോകുന്നില്ല,’ എന്നായിരുന്നു സ്‌റ്റോക്‌സ് പറഞ്ഞത്.

നേരത്തെ ഇംഗ്ലണ്ടില്‍ നിന്നും പരമ്പര വിജയവുമായി പോകാന്‍ ഇന്ത്യയെ അനുവദിക്കില്ല എന്നും അവസാന ടെസ്റ്റ് വിജയിച്ച് പരമ്പര സമനിലയിലാക്കുമെന്നുമായിരുന്നു സ്റ്റോക്‌സ് പറഞ്ഞത്.

ഇന്ത്യന്‍ ടീമുമായുള്ള വെര്‍ബല്‍ വാര്‍ സ്റ്റോക്‌സ് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തുടങ്ങിയിരുന്നു. ന്യൂസിലാന്‍ഡിനെ വൈറ്റ് വാഷ് ചെയ്തതിന്റെ ആവേശം തന്നെയാണ് ഇപ്പോള്‍ ഇംഗ്ലണ്ടിനെ നയിക്കുന്നത്.

അവസാന പരമ്പരയ്ക്ക് മുമ്പായി 2- 1ന്റെ ലീഡ് ഉള്ളതിനാല്‍ തന്നെ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ അവസാന മത്സരത്തില്‍ സമനില നേടിയാല്‍ പോലും മതിയാവും. എന്നാല്‍ ബെര്‍മിങ്ഹാം ടെസ്റ്റിലും വിജയിച്ച് ആധികാരികമായി തന്നെ പരമ്പര സ്വന്തമാക്കാനാവും ഇന്ത്യന്‍ പട ഒരുങ്ങുന്നത്.

ഇംഗ്ലണ്ടിന് പരമ്പര നേടാന്‍ ഒരു സാധ്യതയുമില്ലാത്തതിനാല്‍ അവസാന മത്സരം എന്തുവിലകൊടുത്തും ജയിക്കുക എന്നതുമാത്രമായിരിക്കും സ്റ്റോക്സിന്റെ ലക്ഷ്യം.

അവസാന മത്സരത്തില്‍ ജയിച്ച പരമ്പര സമനിലയാക്കാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്. 2007ന് ശേഷം ഇംഗ്ലീഷ് മണ്ണില്‍ പരമ്പര നേടാന്‍ ഇന്ത്യയും പരമ്പര സമനിലയിലാക്കാന്‍ ഇംഗ്ലണ്ടും ഒരുങ്ങുമ്പോള്‍ മത്സരം തീ പാറുമെന്നുറപ്പാണ്.

ഇംഗ്ലണ്ടിന്റെ നിലവിലെ ഫോമില്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല. ന്യൂസിലാന്‍ഡിനെതിരെ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് വൈറ്റ്‌വാഷ് ചെയ്ത് സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയെ ഒട്ടും പേടിക്കാതെ പന്തെറിയാം എന്നുതന്നെയാണ് ഇന്ത്യന്‍ ടീമിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ശക്തനായ അഞ്ചാം ബൗളറില്ലാത്തത് ടീമിന് തിരിച്ചടിയാവാനും സാധ്യതയുണ്ട്.

ആന്‍ഡേഴ്‌സണിന്റെയും ലീച്ചിന്റെയും നേതൃത്വത്തിലുള്ള ബൗളിങ് നിരയെ തടഞ്ഞുനിര്‍ത്താനുള്ള ഉത്തരവാദിത്തം ഹനുമ വിഹാരിക്കും ഭരത്തിനും ചേതേശ്വര്‍ പൂജാരയ്ക്കുമായിരിക്കും. ഒരു ഭാഗത്ത് ആങ്കര്‍ ഇന്നിങ്‌സ് കളിക്കുമ്പോഴും മറുഭാഗത്ത് റണ്‍ നേടാനുള്ള ടാക്ടിക്‌സാവും ഇരുവരും പുറത്തെടുക്കുന്നത്.

ഇംഗ്ലണ്ട് സ്‌ക്വാഡ്: ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജോണി ബെയര്‍‌സ്റ്റോ, സാം ബില്ലിങ്‌സ് (വിക്കറ്റ് കീപ്പര്‍), സ്റ്റുവര്‍ട്ട് ബ്രോഡ്, ഹാരി ബ്രോക്, സാക്ക് ക്രോളി, ബെന്‍ ഫോക്‌സ്, ജാക്ക് ലീച്ച്, അലക്‌സ് ലീസ്, ക്രെയ്ഗ് ഓവര്‍ട്ടന്‍, ജെയ്മി ഓവര്‍ട്ടന്‍, മാത്യു പോട്‌സ്, ഒലി പോപ്പ്, ജോ റൂട്ട്.

ഇന്ത്യ സ്‌ക്വാഡ്: ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പുജാര, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍) കെ.എസ് .ഭരത്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മായങ്ക് അഗര്‍വാള്‍.

Content highlight: Ben Stokes verbal war against India before 5th test

We use cookies to give you the best possible experience. Learn more