എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കുമറിയില്ല; പാകിസ്ഥാനെതിരായ നിര്‍ണായക ടെസ്റ്റിന് മുന്നോടിയായി ബെന്‍ സ്‌റ്റോക്‌സ്
Sports News
എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കുമറിയില്ല; പാകിസ്ഥാനെതിരായ നിര്‍ണായക ടെസ്റ്റിന് മുന്നോടിയായി ബെന്‍ സ്‌റ്റോക്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 23rd October 2024, 9:48 pm

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. മുള്‍ട്ടാനില്‍ നടന്ന മത്സരത്തില്‍ 152 റണ്‍സിന്റെ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്താനും പാകിസ്ഥാനായി.

ഒക്ടോബര്‍ 24നാണ് ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള സീരീസ് ഡിസൈഡര്‍ ടെസ്റ്റ് ആരംഭിക്കുന്നത്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയമാണ് വാശിയേറിയ പോരാട്ടത്തിന് വേദിയാവുന്നത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു ഹോം ടെസ്റ്റ് സീരീസ് ജയമാണ് പാകിസ്ഥാന് മുമ്പിലുള്ളത്. ഇപ്പോള്‍ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇരു ടീമുകളുടെയും പ്ലെയിങ് ഇലവന്‍ പുറത്ത് വിട്ടിരിക്കുകയാണ്.

പാകിസ്ഥാന്‍ തങ്ങളുടെ ഇലവനില്‍ ഒരു മാറ്റവും വരുത്താതെ സ്പിന്നര്‍മാര്‍ക്ക് മുന്‍ഗണന നല്‍കിയാണ് കളത്തില്‍ ഇറങ്ങുന്നത്. എന്നാല്‍ ബെന്‍ സ്റ്റോക്‌സിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇംഗ്ലണ്ട് മാറ്റ് പോട്‌സിനെ മാറ്റി ഷൊയിബ് ബഷീറിനെ ഉള്‍പ്പെടുത്തി സ്പിന്നര്‍മാരെ ശക്തിപ്പെടുത്തി. മത്സരത്തിനോടനുബന്ധിച്ച് മാധ്യമങ്ങളോട് സ്‌റ്റോക്‌സ് സംസാരിച്ചിരുന്നു.

സ്റ്റോക്‌സ് പറഞ്ഞു

‘എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കുമറിയില്ല. ഇപ്പോള്‍ ഇത് വളരെ മികച്ച വിക്കറ്റാണെന്ന് തോന്നുന്നു, പക്ഷെ അത് മാറിയേക്കാം. മത്സരത്തിന്റെ ദൈര്‍ഘ്യം കൂടുമ്പോള്‍ അവിടെ സ്പിന്നായിരിക്കും കൂടുതല്‍. പിച്ച് വളരെ മികച്ചതും പച്ചയുമാണ്. റിവേഴ്‌സ് സ്വിങ് ഇവിടെ ബുദ്ധിമുട്ടാണ്. ഗെയിമുകള്‍ എത്രത്തോളം നീണ്ടുനില്‍ക്കുന്നുവോ അത്രയും കൂടുതല്‍ സ്പിന്നിനായിരിക്കും സാധ്യത,’ സ്റ്റോക്‌സ് പറഞ്ഞു.

ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവന്‍: സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്ത്, ഗസ് ആറ്റ്കിന്‍സണ്‍, രെഹാന്‍ അഹമ്മദ്, ജാക്ക് ലീച്ച്, ഷോയിബ് ബഷീര്‍

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍: സയിം അയൂബ്, അബ്ദുല്ല ഷഫീഖ്, ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), കമ്രാന്‍ ഗുലാം, സൗദ് ഷക്കീല്‍, സല്‍മാന്‍ അലി ആഘ, മുഹമ്മദ് റിസ്വാന്‍, ആമിര്‍ ജമാല്‍, നൊമാന്‍ അലി, സാജിദ് ഖാന്‍, സാഹിദ് മഹ്‌മൂദ്

 

Content Highlight: Ben Stokes Talking About Last Test match Against Pakistan