| Wednesday, 6th July 2022, 8:36 am

'ഇതൊന്നും പോരായിരുന്നു ഒരു 450 റണ്ണെങ്കിലും വേണമായിരുന്നു ചെയ്‌സ് ചെയ്യാന്‍'

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച വിജയം സ്വന്തമാക്കിയിരുന്നു. അവസാന ഇന്നിങ്സില്‍ 378 റണ്‍സ് ചെയ്‌സ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് അവസാന ദിവസത്തെ ആദ്യ സെഷനില്‍ തന്നെ വിജയിക്കുകയായിരുന്നു.

ആദ്യ ഇന്നിങ്സില്‍ മികച്ച ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 245 റണ്‌സാണ് നേടിയത്. റിഷബ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 416 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 284 റണ്‍സെടുത്ത് ഓള്‍ ഔട്ടായിരുന്നു.

എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ 245 റണ്‍ മാത്രം സ്വന്തമാക്കിയ ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ 378 റണ്‍സാണ് ചെയ്സ് ചെയ്യാന്‍ നല്‍കിയത്. അവസാന ദിവസം ആദ്യ സെഷനില്‍ തന്നെ ഇംഗ്ലണ്ട് ഇന്ത്യ മുന്നോട്ടുവെച്ച ടാര്‍ഗറ്റ് നേടിയെടുക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ചു.

അറ്റാക്കിങ് ഗെയ്മായിരുന്നു ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ പിന്തുടര്‍ന്നത്. ആക്രമണത്തിന് പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിങ് നിരക്ക് മുമ്പില്‍ ഇന്ത്യന്‍ ബൗളിങ് നിര നിശബ്ദരാകുകയായിരുന്നു. മത്സരത്തിന് ശേഷം കുറച്ചുകൂടി റണ്‍സ് ചെയ്‌സ് ചെയ്യാനുണ്ടായിരുന്നെങ്കില്‍ നന്നായേനേ എന്ന് തോന്നിയതായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പറഞ്ഞു.

ടീം എന്താണ് നേടേണ്ടതെന്ന് വ്യക്തമാകുമ്പോള്‍, അത് കാര്യങ്ങള്‍ എളുപ്പമാക്കുന്നുവെന്ന് സ്റ്റോക്‌സ് പറഞ്ഞു. അതോടൊപ്പം ഏത് വലിയ സ്‌കോറാണെങ്കിലും ടീം ഒരു ‘ഗെറ്റ്-ഗോ’ മനോഭാവത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു ടീമുകള്‍ നമ്മളേക്കാള്‍ മികച്ചതായിരിക്കാം എന്നാല്‍ അവര്‍ ഇംഗ്ലണ്ടിനെ പോലെ ധൈര്യശാലികള്‍ ആയിരിക്കില്ല എന്ന് ജാക്ക് ലീച്ച് തന്നോട് പറഞ്ഞതായും ബെന്‍ സ്റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ക്ക് മുന്നില്‍ വലിയ സ്‌കോറാണെങ്കില്‍ പോലും എപ്പോഴും ഗ്രൗണ്ടിലിറങ്ങി അത് പിന്തുടരാന്‍ ശ്രമിക്കുമെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു. ഈ ഒരു മനോഭാവം ടീമിനോട് വിശദീകരിക്കാനുള്ള ഒരു മികച്ച മാര്‍ഗം എന്ന് പറഞ്ഞാല്‍, ‘മറ്റ് ടീമുകള്‍ നമ്മളേക്കാള്‍ മികച്ചവരായിരിക്കാം, പക്ഷേ അവര്‍ നമ്മളേക്കാള്‍ ധൈര്യമുള്ളവരായിരിക്കില്ല’ ജാക്ക് ലീച്ച് എന്നോട് പറഞ്ഞു. ഇപ്പോള്‍ കാര്യങ്ങള്‍ സംഗ്രഹിക്കാനുള്ള മികച്ച മാര്‍ഗമാണിത്,’ സ്‌റ്റോക്‌സ് പറഞ്ഞു

കഴിഞ്ഞ മാസം ന്യൂസിലാന്‍ഡിനെതിരെ ഇംഗ്ലണ്ട് 277, 299, 296 എന്നീ ടാര്‍ഗറ്റുകള്‍ വിജയകരമായി പിന്തുടര്‍ന്ന് 3-0 എന്ന നിലയില്‍ പരമ്പര വിജയിച്ചിരുന്നു. ബ്രണ്ടന്‍ മക്കല്ലത്തിനെയും ബെന്‍ സ്റ്റോക്സിനെയും യഥാക്രമം മുഴുവന്‍ സമയ ഹെഡ് കോച്ചായും ക്യാപ്റ്റനായും ആദ്യമായി നിയമിച്ച പരമ്പര കൂടിയായിരുന്നു അത്.

”ഡ്രസിങ് റൂമില്‍ ഇപ്പോള്‍ ഞങ്ങള്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ക്ക് വ്യക്തതയുണ്ടെങ്കില്‍, അത് മൊത്തത്തിലുള്ള ടീമിന്റെ വിജയത്തില്‍ വലിയ പങ്കുവഹിക്കും. അവിടെ തന്നെ ഗെയിം വളരെ എളുപ്പമാക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നത് നിങ്ങള്‍ക്ക് നല്‍കുന്ന ബാഹ്യ സമ്മര്‍ദ്ദം വളരെ വലുതാണ്. 378 എന്ന സകോര്‍ അഞ്ചോ ആറോ ആഴ്ചകള്‍ക്ക് മുമ്പ് ഭയപ്പെടുത്തുമായിരുന്നു, പക്ഷേ ഇപ്പോള്‍ അത് നല്ലതാണ്. ഞങ്ങള്‍ എന്തുചെയ്യുമെന്ന് കാണാന്‍ അവര്‍ 450-ല്‍ എത്തണമെന്ന് ഞാന്‍ ഏറെക്കുറെ ആഗ്രഹിച്ചിരുന്നു,’ സ്റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു

അതേസമയം വ്യാഴാഴ്ച മുതല്‍ മൂന്ന് ടി20 മത്സരങ്ങളിലും മൂന്ന് ഏകദിനങ്ങളിലും ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും.

Content Highlights: Ben Stokes says he wanted India to score 450 runs

We use cookies to give you the best possible experience. Learn more