ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റ് ബെര്‍മിങ്ഹാമില്‍ നടക്കാനിരിക്കെ വമ്പന്‍ പ്രഖ്യാപനവുമായി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്.
ഇംഗ്ലണ്ട് മണ്ണില്‍ നിന്നും പരമ്പര ജയിക്കാന്‍ ഇന്ത്യയെ സമ്മതിക്കില്ലെന്നും ന്യൂസിലാന്‍ഡിനെതിരെയുള്ള അതേ മൈന്‍ഡ് സെറ്റോടെയായിരിക്കും തങ്ങള്‍ കളിക്കാനിറങ്ങുക എന്നാണ് സ്‌റ്റോക്‌സ് പറഞ്ഞത്.
ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ പരമ്പര വൈറ്റ് വാഷ് ചെയ്ത സ്വന്തമാക്കിയതിന്റെ അതേ ആവേശത്തിലാണ് സ്റ്റോക്‌സും പിള്ളേരും കളത്തിലിറങ്ങുക.
‘ഇന്ത്യക്കെതിരെ അതേ മൈന്‍ഡ് സെറ്റിലായിലിരിക്കും ഞങ്ങളിറങ്ങുക. ഒരു പരമ്പര ഞങ്ങള്‍ക്ക് സമനില പിടിക്കാനുണ്ട്,” എന്നായിരുന്നു സ്‌റ്റോക്‌സ് പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം കൊവിഡ് മൂലം മാറ്റിവെച്ച മത്സരമാണ് ഇന്ത്യ കളിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ട് ടെസ്റ്റില്‍ ഇന്ത്യയും ഒരു മത്സരത്തില്‍ ഇംഗ്ലണ്ടും ജയിച്ചിരുന്നു. ഒരു ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയും ചെയ്തു.
അവസാന പരമ്പരയ്ക്ക് മുമ്പായി 2- 1ന്റെ ലീഡ് ഉള്ളതിനാല്‍ തന്നെ ഇന്ത്യയക്ക് പരമ്പര സ്വന്തമാക്കാന്‍ അവസാന മത്സരത്തില്‍ സമനില നേടിയാല്‍ പോലും മതിയാവും. എന്നാല്‍ ബെര്‍മിങ്ഹാം ടെസ്റ്റിലും വിജയിച്ച് ആധികാരികമായി തന്നെ പരമ്പര സ്വന്തമാക്കാനാവും ഇന്ത്യന്‍ പട ഒരുങ്ങുന്നത്.
ഇംഗ്ലണ്ടിന് പരമ്പര നേടാന്‍ ഒരു സാധ്യതയുമില്ലാത്തതിനാല്‍ അവസാന മത്സരം എന്തുവിലകൊടുത്തും ജയിക്കുക എന്നതുമാത്രമായിരിക്കും സ്റ്റോക്‌സിന്റെ ലക്ഷ്യം.
അവസാന മത്സരത്തില്‍ ജയിച്ച പരമ്പര സമനിലയാക്കാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്. 2007ന് ശേഷം ഇംഗ്ലീഷ് മണ്ണില്‍ പരമ്പര നേടാന്‍ ഇന്ത്യയും പരമ്പര സമനിലയിലാക്കാന്‍ ഇംഗ്ലണ്ടും ഒരുങ്ങുമ്പോള്‍ മത്സരം തീ പാറുമെന്നുറപ്പാണ്.
ഇംഗ്ലണ്ടിന്റെ നിലവിലെ ഫോമില്‍ ഇന്ത്യയ്ക്ക് കാര്യം ഒട്ടും എളുപ്പമാവില്ല. ന്യൂസിലാന്‍ഡിനെതിരെ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് വൈറ്റ് വാഷ് ചെയ്ത് സ്വന്തമാക്കിയത്.
ടെസ്റ്റില്‍ ടി-20 കളിക്കുന്ന ബെയര്‍സ്റ്റോയും ക്യാപ്റ്റന്‍ സ്റ്റോക്‌സും റൂട്ടും അപ്രതീക്ഷിതമായ സമയത്ത് വിക്കറ്റ് വീഴ്ത്തി ഞെട്ടിക്കുന്ന ലീച്ചും മറ്റ് ബൗളേഴ്‌സും ഇന്ത്യയക്ക് തലവേദനയാവുമെന്നുറപ്പാണ്.