ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മില്‍ ലോര്‍ഡ്‌സില്‍ വെച്ച് നടക്കുന്ന ടെസ്റ്റ് മത്സരം ആവേശത്തോടെ അവസാനത്തേക്കടുക്കുകയാണ്. ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം മുതല്‍ തന്നെ ആവേശം വിതച്ചാണ് മത്സരം മുമ്പോട്ട് പോവുന്നത്.
സാധാരണയായി ടെസ്റ്റ് മത്സരത്തിന്റെ വിരസതയേക്കാള്‍ രസകരമായ പല മുഹൂര്‍ത്തങ്ങളും ആദ്യ ടെസ്റ്റ് സമ്മാനിച്ചിരുന്നു. ആദ്യ ദിവസം തന്നെ 17 വിക്കറ്റ് വീണതും രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ ‘പുറത്താവലും’ എല്ലാം കാണികളെ ആവേശം കൊള്ളിച്ചിരുന്നു.
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സിലെ 27ാം ഓവറിലായിരുന്നു സംഭവം. ന്യൂസിലാന്‍ഡ് പേസര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിന്റെ പന്തില്‍ ബെന്‍ സ്റ്റോക്‌സിന്റെ കുറ്റി തെറിക്കുകയായിരുന്നു.
വിക്കറ്റ് നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ സ്റ്റോക്‌സ് തിരികെ പവലിയനിലേക്ക് നടക്കുകയും കിവീസ് താരങ്ങള്‍ വിക്കറ്റ് നേട്ടം ആഘോഷിക്കുകയും ചെയ്തു.
സ്‌റ്റോക്‌സ് തിരികെ നടന്ന് ബൗണ്ടറി ലൈനിനടുത്ത് എത്താനായപ്പോഴാണ് അമ്പയര്‍ ഓവര്‍ സ്‌റ്റെപ്പിംഗിന്റെ പേരില്‍ നോ ബോള്‍ വിളിക്കുന്നത്. ഈ കാഴ്ച കണ്ട പാതി കാണാത്ത പാതി സ്റ്റോക്‌സ് തിരികെ ക്രീസിലേക്ക് നടക്കുകയായിരുന്നു.
നോ ബോള്‍ വിളിച്ചതിന് പിന്നാലെ ലോര്‍ഡ്‌സ് സ്‌റ്റേഡിയം ഒന്നാകെ ഇരമ്പിയാര്‍ക്കുകയായിരുന്നു. ഔട്ടായില്ലെന്നറിഞ്ഞ സ്റ്റോക്‌സിന്റെ എക്‌സ്പ്രഷനും ഏറെ രസകരമായിരുന്നു.
ടെസ്റ്റ് മത്സരത്തിലെ മറ്റൊരു നാടകീയത എന്ന ക്യാപ്ഷനോടെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഈ വീഡിയോ പങ്കുവെച്ചത്.
A huge reprieve. Yet more drama in this Test match…
അതേസമയം, 61 റണ്‍സ് കൂടി നേടിയാല്‍ ഇംഗ്ലണ്ടിന് മത്സരം വിജയിക്കാം. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 285 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 5 വിക്കറ്റിന് 216 എന്ന നിലയിലാണ്.
ആദ്യ ഇന്നിംഗ്‌സില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 132 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനും അവസരം മുതലാക്കാനായില്ല. 9 റണ്‍സിന്റെ മാത്രം ലീഡ് നേടി 141ല്‍ ഇംഗ്ലണ്ടും പുറത്താവുകയായിരുന്നു.
രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ പരീക്ഷിക്കാനുദ്ദേശിച്ച കിവീസ് മികച്ച രീതിയില്‍ തന്നെയാണ് ബാറ്റ് ചെയ്തത്. ഡാരില്‍ മിച്ചലിന്റെയും ടോം ബ്ലണ്ടളിന്റെയും ഇ്‌നിംഗ്‌സിന്റെ ബലത്തിലാണ് ന്യൂസിലാന്‍ഡ് രണ്ടാം ഇന്നിംഗ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മിച്ചല്‍ 108ഉം ബ്ലണ്ടല്‍ 96 റണ്‍സും നേടി പുറത്തായി.