| Tuesday, 28th February 2023, 8:28 am

വീഡിയോ; ഇംഗ്ലണ്ട് നായകനെ ക്രിഞ്ചടിപ്പിച്ച മൊമെന്റ്, അവള്‍ ഏത് ബെന്നിനെക്കുറിച്ചാണ് പറയുന്നതെന്ന് കമന്റേറ്റര്‍മാര്‍ക്കും സംശയം

സ്പോര്‍ട്സ് ഡെസ്‌ക്

ബേസിന്‍ റിസര്‍വില്‍ വെച്ച് നടക്കുന്ന ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കടുത്തുകൊണ്ടിരിക്കുകയാണ്. രണ്ട് വിക്കറ്റ് മാത്രം കയ്യിലിരിക്കെ ഇംഗ്ലണ്ടിന് രണ്ടാം ടെസ്റ്റ് വിജയിക്കാന്‍ 41 ഓവറില്‍ 24 റണ്‍സ് ആവശ്യമാണ്.

മത്സരത്തില്‍ ഫോളോ ഓണ്‍ വഴങ്ങേണ്ടി വന്ന ന്യൂസിലാന്‍ഡിന് ബാറ്റിങ് തുടരേണ്ടി വന്നിരുന്നു. കെയ്ന്‍ വില്യംസണ്‍, ടോം ലാഥം, ടോം ബ്ലണ്ടല്‍, ഡെവോണ്‍ കോണ്‍വേ, ഡാരില്‍ മിച്ചല്‍ എന്നിവരുടെ ഇന്നിങ്‌സിന്റെ ബലത്തില്‍ ന്യൂസിലാന്‍ഡ് 483 റണ്‍സ് നേടുകയും 258 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുമ്പില്‍ വെക്കുകയുമായിരുന്നു.

കെയ്ന്‍ വില്യംസണ്‍ സെഞ്ച്വറി നേടി കിവീസിനായി ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു. 132 റണ്‍സാണ് വില്യംസണ്‍ നേടിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം ബ്ലണ്ടല്‍ 90 റണ്‍സ് നേടിയപ്പോള്‍ ടോം ലാഥം 83ഉം കോണ്‍വേ 61ഉം റണ്‍സ് നേടി.

ന്യൂസിലാന്‍ഡ് താരങ്ങളുടെ തകര്‍പ്പന്‍ ബാറ്റിങ് മാത്രമല്ല, രസകരമായ മറ്റൊരു നിമിഷവും നാലാം ദിവസം അരങ്ങേറിയിരുന്നു. മത്സരത്തിനിടെ ബെന്‍ സ്റ്റോക്‌സിനെ കാണാനെത്തിയ ആരാധിക ഉയര്‍ത്തിയ ബാനറാണ് ചര്‍ച്ചയാകുന്നത്.

‘എന്റെ ബോയ്ഫ്രണ്ട് ക്രിക്കറ്റ് കാണാനാണ് വന്നിരിക്കുന്നത്, എന്നാല്‍ ഞാന്‍ ബെന്നിനെ കാണാനും’ എന്നായിരുന്നു ആ ബാനറില്‍ എഴുതിയിരുന്നത്. ബാനര്‍ കണ്ട കമന്റേറ്റര്‍മാര്‍ക്കിടയില്‍ ആ പെണ്‍കുട്ടി ബെന്‍ ഡക്കറ്റിനെ കുറിച്ചാണോ ബെന്‍ ഫോക്‌സിനെ കുറിച്ചാണോ അതോ ബെന്‍ സ്‌റ്റോക്‌സിനെ കുറിച്ചാണോ പറയുന്നത് എന്നായിരുന്നു സംശയം.

ഒടുവില്‍ പെണ്‍കുട്ടിയുടെ ബോയ്ഫ്രണ്ടിന്റെ മുടിയുടെ നിറം നോക്കി കമന്റേറ്റര്‍മാര്‍ ബെന്‍ സ്‌റ്റോക്‌സിനെ കുറിച്ചാണ് അവള്‍ പറയുന്നതെന്ന നിഗമനത്തിലെത്തിച്ചേരുകയായിരുന്നു. പെണ്‍കുട്ടിയുടെ അരികില്‍ ബെന്‍ സ്റ്റോക്‌സിനായി മറ്റൊരു ബാനറും ഉണ്ടായിരുന്നു.

ഈ പോസ്റ്ററിനോടുള്ള ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ റിയാക്ഷനും രസകരമായിരുന്നു. ഇതിന് പിന്നാലെ രസകരമായ ട്രോളുകളും ഉയരുന്നുണ്ട്.

രണ്ടാം ടെസ്റ്റ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനെ ജോ റൂട്ടാണ് മുന്നോട്ട് നയിച്ചത്. 113 പന്തില്‍ നിന്നും 95 റണ്‍സാണ് താരം നേടിയത്.

റൂട്ടിന് പുറമെ 33 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റും 24 റണ്‍സ് നേടിയ സാക്ക് ക്രോളിയും 33 റണ്ണടിച്ച ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ടീം ടോട്ടലിലേക്ക് സംഭാവന ചെയ്തു.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്‌സും സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ത്രീ ലയണ്‍സിനായി ക്രീസില്‍. ഈ മത്സരം വിജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര നേടാന്‍ സാധിക്കും.

Content Highlight: Ben Stokes’ reaction to fans’ poster

We use cookies to give you the best possible experience. Learn more