ബെന്‍ സ്റ്റോക്‌സ് ലോകകപ്പ് മത്സരത്തില്‍ നിന്നും പിന്‍മാറുന്നു; കാരണം വെളിപ്പെടുത്തി സ്റ്റീവ് ഹാര്‍മിസണ്‍
2023 ICC WORLD CUP
ബെന്‍ സ്റ്റോക്‌സ് ലോകകപ്പ് മത്സരത്തില്‍ നിന്നും പിന്‍മാറുന്നു; കാരണം വെളിപ്പെടുത്തി സ്റ്റീവ് ഹാര്‍മിസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th November 2023, 3:20 pm

2023 ലോകകപ്പ് ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍. അപ്രതീക്ഷിതമായ വിജയങ്ങളും തോല്‍വികളുമായി പോരാട്ടം തുടരുകയാണ്. എന്നാല്‍ 2023ലെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയത് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് തന്നെയാണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് വെറും ഒരു വിജയം മാത്രമാണ് ഇംഗ്ലണ്ടിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. തുടര്‍ച്ചയായ തോല്‍വികള്‍ വഴങ്ങിയ ചാമ്പ്യന്‍മാര്‍ വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. നിലവില്‍ ബംഗ്ലാദേശിനോട് നേടിയ 137 റണ്‍സിന്റെ ഒരു വിജയം മാത്രമാണ് ഇംഗ്ലണ്ടിന്റെ പക്കലുള്ളത്.

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഓസ്ട്രേലിയ – ഇംഗ്ലണ്ട് മത്സരത്തിലാണ് ഇംഗ്ലണ്ട് അവസാനമായി തോല്‍വി വഴങ്ങിയത്. ഇതോടെ 2023 ലോകകപ്പില്‍ നിന്നും പുറത്താകുന്ന ആദ്യ ടീമായി മാറുകയാണ് ഇംഗ്ലണ്ട്. ഈ ലോകകപ്പില്‍ ഇനി രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഇംഗ്ലണ്ടിന് അവശേഷിക്കുന്നത്. എന്നാല്‍ ഇനിയുള്ള മത്സരങ്ങളില്‍ നിന്നും ഇംഗ്ലണ്ട് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ താരം ബെന്‍ സ്റ്റോക്‌സ് വിട്ടുനില്‍ക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ നിന്നും വിട്ടുനിന്ന് 2024ല്‍ വരാനിരിക്കുന്ന ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് പര്യടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മുന്‍ ഇംഗ്ലണ്ട് താരം സ്റ്റീവ് ഹാര്‍മിസണ്‍ ആണ് സ്റ്റോക്‌സിന് ഉപദേശം നല്‍കിയത്. ഇന്ത്യയിലെ വെല്ലുവിളികളെ ഊന്നിപറഞ്ഞ ഹാര്‍മിസണ്‍ വരാനിരിക്കുന്ന പര്യടനത്തെ ആഷസുമായാണ് താരതമ്യപ്പെടുത്തിയത്, അത് ഇരട്ടി കഠിനമാകുമെന്നാണ്.

കാല്‍മുട്ടിന്റെ പ്രശ്‌നവുമായി മല്ലിടുന്ന സ്റ്റോക്‌സിന് ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ലോകകപ്പിന് ശേഷം കാല്‍മുട്ടിന്റെ ശസ്ത്രക്രിയക്ക് സ്റ്റോക്‌സ് വിധേയനാവും. ഇന്ത്യക്കെതിരായ നിര്‍ണായകമായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സുഖം പ്രാപിക്കാന്‍ എട്ട് ആഴ്ചയോളം വരുമെന്നിരിക്കെയാണ് ഹാര്‍മിസണ്‍ പറയുന്നത്. പി.എ ന്യൂസ് ഏജന്‍സിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഒരു പ്രധാന ഓപ്പറേഷനും അത് കഴിഞ്ഞുള്ള തിരിച്ചുവരവില്‍ സമയം തീര്‍പ്പാക്കുന്നതും ബുദ്ധിമുട്ടാണ്. കൂടുതല്‍ സമയമെടുത്ത ശേഷം ആദ്യത്തേയോ മൂന്നാമത്തേയോ ടെസ്റ്റില്‍ കളിക്കാന്‍ കഴിയുമോ എന്നത് അതിന് ശേഷം തീരുമാനിക്കും. നിലവില്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകന്‍ എന്നിരിക്കെ സ്‌റ്റോക്‌സ് ടൂര്‍ണമെന്റില്‍ നിര്‍ണായകമാണ്. അതിനാല്‍ അദ്ദേഹത്തിനിപ്പോള്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്നത് അനിവാര്യമാണ്. വരാനിരിക്കുന്ന ഇന്ത്യന്‍ പര്യടനം ആഷസിനേക്കാള്‍ ഇരട്ടി കഠിനമാകും. സ്‌റ്റോക്‌സിനത് നിര്‍ണായകമാണ്,’ അദ്ദേഹം പറഞ്ഞു.

നവംബര്‍ എട്ടിന് നെതര്‍ലന്‍സിനോടും നവംബര്‍ 11ന് പാകിസ്ഥാനോടുമാണ് ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന മത്സരം.

 

Content Highlight: Ben Stokes Pulls Out Of  World Cup