| Thursday, 1st December 2022, 12:21 pm

ഇന്ത്യയിലെ ലോകകപ്പിന് മുമ്പ് വമ്പന്‍ സിക്‌സറുമായി ഇംഗ്ലണ്ട്; ദി ഏയ്‌സ് ഈസ് കമിങ് ബാക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇംഗ്ലണ്ട് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സ് തന്റെ വിരമിക്കല്‍ പിന്‍വലിച്ച് മടങ്ങിയെത്തുമെന്ന് സൂചന. അടുത്ത വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനൊപ്പം താനുണ്ടായേക്കാമെന്ന സൂചനകളാണ് താരം നല്‍കുന്നത്.

ലോകകപ്പ് പോലുള്ള വേദികളില്‍ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കുന്നത് വലിയ ഒരു കാര്യം തന്നെയാണെന്നായിരുന്നു ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ പറഞ്ഞത്.

കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാമ്പ്യന്‍മാരാക്കാനും 2022ല്‍ ത്രീ ലയണ്‍സിനെ ടി-20 ലോകകപ്പ് കിരീടം ചൂടിക്കുന്നതിലടക്കം സ്റ്റോക്‌സ് നിര്‍ണായക പങ്കായിരുന്നു വഹിച്ചത്. ഒരുപക്ഷേ തന്റെ വിരമിക്കല്‍ തീരുമാനം താരം പിന്‍വലിക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിന്റെ ആവനാഴിയിലെ മൂര്‍ച്ചയേറിയ അസ്ത്രമാകാന്‍ പോകുന്നത് സ്‌റ്റോക്‌സ് തന്നെയായിരിക്കും.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മാനേജിങ് ഡയറക്ടറും മുന്‍ ഇംഗ്ലണ്ട് താരവുമായ റോബര്‍ട്ട് വില്യം ട്രെവര്‍ കീ ഏകദിന ലോകകപ്പിന്റെ കാര്യം തന്നോട് സൂചിപ്പിച്ചിട്ടുണ്ടെന്ന് പറയുകയാണ് സ്റ്റോക്‌സ്.

‘യു.എ.ഇയിലായിരിക്കുമ്പോള്‍ കെയ്‌സി (റോബര്‍ട്ട് വില്യം ട്രെവര്‍ കീ) എന്നെ ഒരു വശത്തേക്ക് വലിച്ച് കൊണ്ടുപോവുകയായിരുന്നു. 50 ഓവര്‍ ലോകകപ്പ് എന്ന് പറഞ്ഞ ശേഷം പെട്ടെന്ന് തന്നെ തിരിച്ച് നടക്കുകയും ചെയ്തു. ആര്‍ക്കറിയാം? ഇപ്പോള്‍ പാകിസ്ഥാനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പര മാത്രമാണ് എന്റെ മനസിലുള്ളത്,’ സ്റ്റോക്‌സ് പറയുന്നു.

‘ഇത് അത്തരത്തിലുള്ള ഒന്നാണ്. ലോകകപ്പ് അടുത്തവരുമ്പോള്‍ എനിക്ക് അതിനോടുള്ള സമീപനം എന്തായിരിക്കുമെന്ന് ആര്‍ക്കുമറിയില്ല. അത്രയും വലിയൊരു ടൂര്‍ണമെന്റില്‍ പങ്കെടുക്കുക എന്നതുതന്നെ വളരെ വലിയൊരു കാര്യമാണ്.

ഇത്തരമൊരു ബിഗ് ഇവന്റില്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് ഓരോ ക്രിക്കറ്ററും ആകാംക്ഷയോടെ നോക്കിക്കാണുന്ന ഒന്നാണ്,’ സ്‌റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇംഗ്ലണ്ട് കോച്ച് മാത്യു മോട്ടും സ്‌റ്റോക്‌സിന്റെ മടങ്ങി വരവിനെ കുറിച്ച് സംസാരിച്ചിരുന്നു.

‘അവന്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന കാര്യം എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം തന്നെ പറഞ്ഞത് അവന്റെ ഏതൊരു തീരുമാനത്തേയും ഞാന്‍ പിന്തുണക്കുമെന്നാണ്. എന്നാലും ഞാന്‍ അവനോട് വിരമിക്കേണ്ട കാര്യമുണ്ടോ, കുറച്ചു കാലത്തേക്ക് ഏകദിന ഫോര്‍മാറ്റില്‍ നിന്നും മാറി നിന്നാല്‍ പോരേ എന്നും ചോദിച്ചിരുന്നു.

വിരമിച്ച തീരുമാനം എപ്പോള്‍ വേണമെങ്കിലും തിരുത്താമെന്നും ഏകദിനത്തിലേക്ക് മടങ്ങിയെത്താം എന്നും ഞാന്‍ അവനോട് പറഞ്ഞിരുന്നു. അതെല്ലാം അവന്റെ തീരുമാനമാണ്.

വരാനിരിക്കുന്നത് ലോകകപ്പാണ് അതുകൊണ്ടുതന്നെ ടീം അധികം ടി-20 മത്സരങ്ങള്‍ കളിക്കാന്‍ സാധ്യതയില്ല. എന്നിരുന്നാലും എല്ലാ തീരുമാനങ്ങളും കൈക്കൊള്ളേണ്ടത് സ്‌റ്റോക്‌സ് മാത്രമാണ്,’ അദ്ദേഹം പറഞ്ഞു.

Content Highlight: Ben Stokes may return to ODIs after announcing his retirement

We use cookies to give you the best possible experience. Learn more