ഐ.പി.എല്‍ 2023ല്‍ പ്ലേ ഓഫില്‍ പ്രവേശിച്ചതിന് പിന്നാലെ സൂപ്പര്‍ കിങ്‌സ് ക്യാമ്പില്‍ നിന്നും കൊഴിഞ്ഞുപോക്ക്. സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സാണ് ടീം പ്ലേ ഓഫില്‍ പ്രവേശിച്ചതിന് പിന്നാലെ ചെന്നൈ സ്‌ക്വാഡിനോട് വിട പറഞ്ഞത്.
നാഷണല്‍ ഡ്യൂട്ടിക്കായാണ് സ്റ്റോക്‌സ് ടീമിനോട് വിട പറഞ്ഞിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരക്ക് മുമ്പ് അയര്‍ലാന്‍ഡിനെതിരെ ഒരു മത്സരത്തിന്റെ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ടിനുള്ളത്. ഈ ടീമില്‍ ജോയിന്‍ ചെയ്യാന്‍ വേണ്ടിയാണ് സ്‌റ്റോക്‌സ് ക്യാമ്പില്‍ നിന്നും പടിയിറങ്ങിയത്.
കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയില്‍ നടന്ന മിനി ലേലത്തിലാണ് ബെന്‍ സ്‌റ്റോക്‌സ് സി.എസ്.കെയുടെ ഭാഗമായത്. 16 കോടി 25 ലക്ഷം രൂപയ്ക്കാണ് മോഡേണ്‍ ഡേ ക്രിക്കറ്റിലെ വണ്‍ ഓഫ് ദി ബെസ്റ്റിനെ സി.എസ്.കെ തങ്ങളുടെ പാളയത്തിലെത്തിച്ചത്.
ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ അവസാന സീസണായേക്കാമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സ്റ്റോക്‌സിയെ ചെന്നൈ സ്വന്തമാക്കിയത്. ഇതോടെ ധോണിക്ക് ശേഷം ഇനിയാര് എന്ന ചോദ്യത്തിനായിരുന്നു ആരാധകര്‍ ഉത്തരം കണ്ടെത്തിയത്.
ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടം ചൂടിച്ചതിന്റെ പേരും പെരുമയുമായിട്ടായിരുന്നു താരം ചെപ്പോക്കിലേക്കെത്തിയത്. എന്നാല്‍ ആ പേരിനോടും പെരുമയോടും നീതി പുലര്‍ത്താന്‍ സ്റ്റോക്‌സിന് സാധിച്ചിരുന്നില്ല.
സീസണില്‍ ആകെ കളിച്ചത് രണ്ടേ രണ്ട് മത്സരങ്ങളാണ്, അതിലാകട്ടെ വേണ്ട പോലെ തിളങ്ങാനും താരത്തിന് സാധിച്ചില്ല. കളിച്ച രണ്ട് മത്സരത്തില്‍ നിന്നുമായി 15 റണ്‍സാണ് സ്‌റ്റോക്‌സ് നേടിയത്. എട്ട് റണ്‍സാണ് സീസണിലെ ടോപ് സ്‌കോര്‍.
പരിക്കായിരുന്നു സീസണില്‍ സ്റ്റോകിസ്‌ന്റെ പ്രധാന വില്ലന്‍. 90 ശതമാനത്തിലധികം മത്സരത്തിലും താരം ബെഞ്ചില്‍ തന്നെയായിരുന്നെങ്കിലും ഡ്രസ്സിങ് റൂമില്‍ താരത്തിന്റെ സാന്നിധ്യം ടീമിന് ഗുണം ചെയ്‌തെന്നാണ് വിലയിരുത്തപ്പെടുന്നത്. ധോണിക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ബ്രെയ്‌നും സ്റ്റോക്‌സിയുടേത് തന്നെയായിരുന്നു.
ജൂണ്‍ ഒന്ന് മുതല്‍ നാല് വരെയാണ് അയര്‍ലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് ത്രീ ലയണ്‍സിറങ്ങുന്നത്. ലോര്‍ഡ്‌സില്‍ വെച്ചാണ് മത്സരം.
ജൂണ്‍ 16നാണ് ക്രിക്കറ്റ് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആഷസ് പരമ്പരക്ക് തുടക്കമാകുന്നത്. എഡ്ജ്ബാസ്റ്റണിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. ശേഷം ജൂണ്‍ 28ന് രണ്ടാം ടെസ്റ്റ് ലോര്‍ഡ്‌സിലും അരങ്ങേറും. എച്ച്.സി.ജി ഓള്‍ഡ് ട്രാഫോര്‍ഡ്, ഓവല്‍ എന്നിവിടങ്ങളിലായാണ് ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കുക.