ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‌സിന്റെ മോശം ഫോമിനെ കടന്നാക്രമിച്ച് മുന്‍ താരം ജിയോഫെറി ബോയ്‌ക്കോട്ട്. ഗാബയില്‍ നടന്ന ആഷസ് ഔന്നാം ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബോയ്‌ക്കോട്ട് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
ടെലിഗ്രാഫിലെ തന്റെ കോളത്തിലൂടെയായിരുന്നു ബോയ്‌ക്കോട്ടിന്റെ പ്രതികരണം. ചിരവൈരികളായ ഓസീസിനെതിരെ ആഷസില്‍ കളിക്കാനിങ്ങുന്നതിന് മുന്‍പേ പേരിന് മാത്രമായിരുന്നു സ്റ്റോക്‌സ് പ്രാക്ടീസിനിറങ്ങിയതെന്നും അദ്ദേഹം പറയുന്നു.
‘സ്റ്റോക്‌സ് ഇനിയും ക്രിക്കറ്റ് കളിക്കേണ്ടിയിരിക്കുന്നു. താരത്തിന്റെ മേല്‍ പ്രതീക്ഷ വെക്കുമ്പോഴും വെറും കയ്യോടെയാണ് സ്‌റ്റോക്‌സ് പിച്ചില്‍ നിന്നും മടങ്ങുന്നത്. അവന്‍ കര്‍ത്താവൊന്നുമല്ല. അയാള്‍ക്ക് എല്ലാര്‍ക്കെതിരെയും ബോള്‍ ചെയ്യാനോ ബാറ്റ് ചെയ്യാനോ സാധിക്കില്ല.
അഞ്ച് മാസം അവന്‍ കളിക്കളത്തില്‍ നിന്നും വിട്ട് നിന്നു. കൈ വിരലിനേറ്റ പരിക്കാണ് അവനെ അലട്ടിയിരുന്നത്. ഇതുകഴിഞ്ഞ്, പാറ്റ് കമ്മിന്‍സും ഹേസല്‍വുഡും അടങ്ങുന്ന ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരെയാണ് നേരിടാനുണ്ടായിരുന്നത്.
മികച്ച ഫോമിലുള്ള ബാറ്റര്‍മാര്‍ക്ക് പോലും അവരെ നേരിടുകയെന്നത് എളുപ്പമല്ല. പിന്നെ എങ്ങനെയാണ് സ്റ്റോക്‌സിന് നിലവിലെ അവസ്ഥയില്‍ അവരെ നേരിടാനാവുന്നത്. പലരും സ്റ്റോക്‌സില്‍ നിന്നും മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്,’ ബോയ്‌ക്കോട്ട് പറയുന്നു.
തന്റെ പേരിനൊത്തുള്ള പെരുമയല്ല സ്റ്റോക്‌സിന്റെ ഇപ്പോഴത്തെ പ്രകടനത്തിലുള്ളത്. 19 റണ്‍സ് മാത്രമാണ് ഗാബയില്‍ നിന്നും താരത്തിന് ടീമിന് വേണ്ടി നേടാനായത്. അതേ സമയം 12 ഓവറില്‍ നിന്നും 65 റണ്‍സ് വഴങ്ങുകയും ചെയ്തിട്ടുണ്ട്.