പതിനാല് മാസത്തിന് ശേഷമാണ് ഇംഗ്ലണ്ട് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ക്രിക്കറ്റ് ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. 2022ല്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരമായിരുന്നു സ്റ്റോക്‌സ്. എന്നാല്‍ ഏകദിന ലോകകപ്പ് അടുത്തതോടെ താരത്തെ ഇംഗ്ലണ്ട് വീണ്ടും സമീപിക്കുകയായിരുന്നു.
ഇപ്പോഴിതാ തിരിച്ചുവരവ് മത്സരം ഗംഭീരമാക്കിയിരിക്കുകയാണ് സ്‌റ്റോക്‌സ്. ഇംഗ്ലണ്ടിനായി നാലാമനായി ക്രീസിലെത്തിയ സ്റ്റോക്‌സ് 69 പന്ത് നേരിട്ട് 52 റണ്‍സ് നേടി. മൂന്നും ഫോറും ഒരു സിക്‌സറുമാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.
വ്യക്തികത സ്‌കോര്‍ 46ല്‍ നില്‍ക്കെ സിക്‌സറടിച്ചുകൊണ്ടാണ് താരം അര്‍ധസെഞ്ച്വറി തികച്ചത്. എന്നാല്‍ ഒരു പന്തിന് അപ്പുറം രച്ചിന്‍ രവീന്ദ്രക്ക് വിക്കറ്റ് നല്‍കി അദ്ദേഹം മടങ്ങി.
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് കിരീടം ചൂടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ടായിരുന്നു സ്റ്റോക്‌സ്. ഫൈനലില്‍ അദ്ദേഹത്തിന്റെ പ്രകടനം ഇംഗ്ലണ്ടിനെ കിരീടത്തിലേക്കെത്തിക്കുകയായിരുന്നു. പിന്നീട് അതേ വര്‍ഷം ആഷസിലും ഫോര്‍ത്ത് ഇന്നിങ്‌സില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി താരം ഇംഗ്ലണ്ടിനെ വിജയിപ്പിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ടി-20 ലോകകപ്പ് ഇംഗ്ലണ്ട് ചൂടിയപ്പോള്‍ ഫൈനലില്‍ താരം അര്‍ധസെഞ്ച്വറി നേടിയിരുന്നു. സ്റ്റോക്‌സിന്റെ തിരിച്ചുവരവ് ഇംഗ്ലണ്ടിനെ കൂടുതല്‍ ശക്തരാക്കുന്നുണ്ട്.
അതേസമയം ന്യൂസിലന്‍ഡിനതിരെയുള്ള മത്സരത്തില്‍ നിലവില്‍ 47.2 ഓവറില്‍ 266/5 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 72 റണ്‍സുമായി ക്യാപ്റ്റന്‍ ജോസ് ബട്‌ലറും റണ്‍സൊന്നുമെടുക്കാതെ ക്രിസ് വോക്‌സുമാണ് ക്രീസിലുള്ളത്.
Content Highlight: Ben Stokes Come Back in ODI Cricket