അയര്‍ലന്‍ഡിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഇംഗ്ലണ്ട്. മത്സരത്തിന്റെ മൂന്നാം ദിവസം തന്നെ പത്ത് വിക്കറ്റിന്റെ വിജയം പിടിച്ചടക്കിയാണ് ഇംഗ്ലണ്ട് ആഷസിന് മുമ്പ് എതിരാളികള്‍ക്കുള്ള മുന്നറിയിപ്പ് നല്‍കിയത്.
ആദ്യ ഇന്നിങ്‌സില്‍ 352 റണ്‍സിന്റെ ലീഡുമായാണ് ഇംഗ്ലണ്ട് അയര്‍ലന്‍ഡിനെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനയച്ചത്. ഒരുവേള ഇന്നിങ്‌സ് തോല്‍വി അയര്‍ലന്‍ഡ് മുമ്പില്‍ കണ്ടിരുന്നുവെങ്കിലും ലോവര്‍ മിഡില്‍ ഓര്‍ഡറിന്റെ ചെറുത്ത് നില്‍പ് അവര്‍ക്ക് തുണയായി.
ഐറിഷ് താരം മാര്‍ക് അഡയറിന്റെ പ്രകടനമാണ് ഇതില്‍ എടുത്ത് പറയേണ്ടത്. എട്ടാം നമ്പറിലിറങ്ങി 76 പന്തില്‍ നിന്നും 88 റണ്‍സാണ് അഡയര്‍ സ്വന്തമാക്കിയത്. 12 ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെയായിരുന്നു അഡയറിന്റെ ഇന്നിങ്‌സ്.
അഡയറിന് പുറമെ ഏഴാമന്‍ ആന്‍ഡി മക്‌ബ്രെയ്‌നും തകര്‍ത്തടിച്ചു. 115 പന്തില്‍ നിന്നും 14 ബൗണ്ടറിയുടെ അകമ്പടിയോടെ 86 റണ്‍സാണ് താരം നേടിയത്. ഇവര്‍ക്ക് പുറമെ അര്‍ധ സെഞ്ച്വറി തികച്ച ഹാരി ടെക്ടറും 44 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ലോര്‍കന്‍ ടക്കറും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.
11 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിന് കളത്തിലിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ വിജയം കുറിച്ചു. മാര്‍ക് അഡയര്‍ എറിഞ്ഞ ആദ്യ പന്ത് ബൗണ്ടറി കടത്തിയ സാക്ക് ക്രോളി മൂന്നാം പന്തിലും നാലാം പന്തിലും ഫോറടിച്ച് വിജയം പൂര്‍ത്തിയാക്കി.
ഈ വിജയത്തിന് പിന്നാലെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിനെ തേടി ഒരു അപൂര്‍വ റെക്കോഡുമെത്തിയിരുന്നു. ഒരു ടെസ്റ്റ് മാച്ചില്‍ ബാറ്റിങ്ങിനോ ബൗളിങ്ങിനോ വിക്കറ്റ് കീപ്പിങ്ങിനോ ഇറങ്ങാതെ ടീമിനെ വിജയത്തിലേക്ക് നയിച്ച ആദ്യ ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് സ്‌റ്റോക്‌സ് സ്വന്തമാക്കിയത്.
സ്റ്റുവര്‍ട്ട് ബ്രോഡ്, മാത്യു പോട്‌സ്, ജോഷ് ടങ്, ജാക്ക് ലീച്ച് എന്നിവര്‍ മാത്രമാണ് ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി പന്തെറിഞ്ഞത്.
ആറാമനായാണ് സ്റ്റോക്‌സ് ബാറ്റിങ്ങിനിറങ്ങേണ്ടിയിരുന്നത്. എന്നാല്‍ നാലാം വിക്കറ്റില്‍ നില്‍ക്കവെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതിനാല്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങാനും സ്‌റ്റോക്‌സിന് സാധിച്ചില്ല.
രണ്ടാം ഇന്നിങ്‌സില്‍, ആദ്യ ഇന്നിങ്‌സില്‍ പന്തെറിഞ്ഞ നാല് പേര്‍ക്കൊപ്പം ജോ റൂട്ടും ബൗള്‍ ചെയ്തു. നാല് പന്തില്‍ തന്നെ ക്രോളി ടീമിനെ വിജയിപ്പിച്ചതിനാല്‍ സ്റ്റോക്‌സിന് രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ്ങിനിറങ്ങേണ്ടി വന്നില്ല.